തലതിരിഞ്ഞ് ചിത്രങ്ങൾ വരച്ച് അമൃത്; അത്ഭുത കലാകാരനെ തേടിയെത്തിയത് നിരവധി റെക്കോർഡുകൾ

March 5, 2021
Amruth receives asia book of records

നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് വെള്ളച്ചായം പൂശിയ ചുവരുകളിലൂടെ ചലിപ്പിക്കുമ്പോൾ പുതിയ വർണ്ണങ്ങൾ വിരിയുന്നു..പുതിയ രൂപങ്ങൾക്ക് ജീവൻ വയ്ക്കുന്നു….ഇത്തരത്തിൽ മനോഹരമായ ചിത്രങ്ങൾ വരച്ച് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതാണ് അമൃത് എന്ന യുവാവ്. ചിത്രങ്ങൾ വരയ്ക്കുന്നതിലെ വ്യത്യസ്തതയാണ് അമൃതിനെ ഇത്രമേൽ ജനപ്രിയനാക്കിയതും. ഒഴിവുസമയങ്ങളിൽ മുറിക്കുള്ളിലെ ഭിത്തിയിൽ ടൊവിനോ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് അമൃത് ചിത്രരചന തുടങ്ങിയത്. പിന്നീട് സ്റ്റെൻസിൽ ആർട്ട് ചെയ്തുതുടങ്ങിയതോടെ അമൃതിന് ചിത്രരചനയോടുള്ള ഇഷ്ടവും വളർന്നു.

ചലച്ചിത്രതാരങ്ങളും പ്രശസ്തരുമായ നിരവധിപ്പേരുടെ ചിത്രങ്ങൾക്ക് അമൃത് ജീവൻ പകർന്നു. മോഹൻലാൽ, എ ആർ റഹ്മാൻ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ആസിഫ് അലി, നിവിൻ പോളി, സുരാജ് വെഞ്ഞാറന്മൂട് തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങൾ അമൃതിന്റെ ഭാവനയിൽ വിരിഞ്ഞു. പിന്നീട് ചിത്രരചനയിൽ അല്പം വ്യത്യസ്ത വേണമെന്ന അമൃതിന്റെ ആഗ്രഹമാണ് ഇന്നിപ്പോൾ ഈ യുവാവിനെ വലിയ നേട്ടങ്ങൾക്ക് അർഹനാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രരചനയിലൂടെ റെക്കോർഡ് ബുക്കിലും ഇടംനേടിയിരിക്കുകയാണ് അമൃത്.

തലകീഴായി തൂങ്ങിക്കിടന്ന് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചിത്രങ്ങൾ വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംനേടിക്കഴിഞ്ഞു അമൃത്. വീട്ടിലെ ഭിത്തിയിൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയ അമൃത് പിന്നീട് വരച്ച ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങി. മികച്ച സ്വീകാര്യതയാണ് അമൃതിന്റെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. ഇതോടെ നിരവധി ആളുകളാണ് അമൃതിനെ തേടിയെത്തിയത്.

Read also: കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…

കണ്ണൂർ കേളകം സ്വദേശിയായ അമൃത് ബിബിഎ ബിരുദദാരിയാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണകൊണ്ടാണ് അമൃത് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകം അറിയുന്ന ഒരു ചിത്രകാരനായി മാറണം എന്നാണ് അമൃതിന്റെ ആഗ്രഹം.

Story Highlights: Amruth receives asia book of records