പ്രാര്‍ത്ഥന ഇന്ദ്രജിത് മനോഹരമായി പാടി; ഹെലന്‍ തമിഴ് റീമേക്കിലെ ഗാനം ശ്രദ്ധ നേടുന്നു
താരകുടുംബത്തിലെ അംഗമായതുകൊണ്ടുതന്നെ മലയാളികള്‍ക്ക് അപരിചിതയല്ല പ്രാര്‍ത്ഥന ഇന്ദ്രജിത്. ഇന്ദ്രജിത് സുകുമാരന്റേയും പൂര്‍ണിമ ഇന്ദ്രജിത്തിന്റേയും മകളായ പ്രാര്‍ത്ഥന ആലാപന മാധുര്യംകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്തും ശ്രദ്ധേയമാണ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ‘ലാലേട്ടാ ലാ ലാ ലാ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്ന ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ അരങ്ങേറ്റം.
അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹെലന്‍ എന്ന ചിത്രത്തിലും താരാപഥമാകേ… എന്ന ഗാനം ആലപിച്ച് പ്രാര്‍ത്ഥന കൈയടി നേടി. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഹെലന്റെ തമിഴ് പതിപ്പില്‍ പ്രാര്‍ത്ഥന ആലപിച്ച ഗാനവും.
Read more: മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും ഡാന്‍സിങ് സ്റ്റൈലുമായി അനുശ്രീ: രസകരം ഈ വിഡിയോ
അന്‍പിര്‍ക്കിനിയാള്‍ എന്നാണ് ഹെലന്റെ തമിഴ് പതിപ്പിന്റെ പേര്. ചിത്രത്തിലെ ഉന്‍ കൂടവേ… എന്നു തുടങ്ങുന്ന ഗാനമാണ് പ്രാര്‍ത്ഥനാ ഇന്ദ്രജിത് ആലപിച്ചിരിയ്ക്കുന്നത്. ലളിതാനന്ദിന്റേതാണ് ഗാനത്തിലെ വരികള്‍. ജാവേദ് റിയാസ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു.
തമിഴില്‍ കീര്‍ത്തി പാണ്ഡ്യന്‍ ആണ് അന്ന ബെന്‍ അനശ്വരമാക്കിയ ഹെലെന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ പാണ്ഡ്യന്‍ ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ ആന്‍ഡ് പി ഗ്രൂപ്പിന്റെ ബാനറില്‍ അരുണ്‍ പാണ്ഡ്യനാണ് ചിത്രം തമിഴില്‍ നിര്‍മിക്കുന്നത്. ഗോകുല്‍ ആണ് തമിഴ് പതിപ്പിന്റെ സംവിധാനം.
Story highlights: Anbirkiniyal Un Koodave Video Song