സംവിധായകനായി അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍; ബറോസ് ചിത്രീകരണത്തിന് തുടക്കം
ബറോസ്; ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങളൊരുക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബറോസ്. സിനമയുടെ ചിത്രീകരണത്തിന് തുടക്കമാകുന്നു. അഭിനയത്തിലും ചലച്ചിത്ര നിര്‍മാണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മോഹന്‍ലാല്‍ സിനിമാ സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ബറോസിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നതുമായി മോഹന്‍ലാല്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടി. ‘ജീവിത വഴിത്താരയില്‍ വിസ്മയചാര്ത്തുകളില് സ്വയം നടനായി, നിര്‍മാതാവായി, സിനിമ ജീവനായി ജീവിതമായി മാറി. ഇപ്പോഴിതാ ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുകയാണ്’ എന്നായിരുന്ന താരത്തിന്റെ വാക്കുകള്‍.
2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന് ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്.
Read more: കുതിരപ്പുറത്തേറി ധനുഷിന്റെ ഗംഭീര വരവ്: ശ്രദ്ധ നേടി കര്ണന് ടീസര്‍
മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നതും. ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
Story highlights: Barroz shooting started