‘അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ അഭിമാനം’ – രവി കെ ചന്ദ്രനെകുറിച്ച് പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായ ഭ്രമത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബോളിവുഡ് ചിത്രമായ അന്ധാധുനിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന അവതരിപ്പിച്ച കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വേളയിൽ സംവിധായകനായ രവി കെ ചന്ദ്രനെ കുറിച്ച് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്.
‘ഭ്രമത്തിന് പായ്ക്ക് അപ്പ്! രവി കെ ചന്ദ്രൻ എന്ന സംവിധായകനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം..
ചിത്രത്തിലെ അതിമനോഹരമായ രംഗങ്ങളിൽ ഒന്നിൽ നിന്നുള്ള സ്ക്രീൻ ഷോട്ടാണിത്’- പൃഥ്വിരാജ് കുറിക്കുന്നു. പൃഥ്വിരാജ് സുകുമാരന്‍ പുറമെ ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരും ഭ്രമത്തിൽ മുഖ്യവേഷത്തിൽ എത്തുന്നു.
ശരത് ബാലൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നുണ്ട്. എ പി ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്. ‘അന്ധാധുനി’ൽ ആയുഷ്മാൻ ഖുറാന അവതരിപ്പിച്ച കഥാപത്രം ഒരു പിയാനിസ്റ്റ് ആണ്. ശ്രീറാം രാഘവായിരുന്നു ബോളിവുഡിൽ ചിത്രം സംവിധാനം ചെയ്തത്. രാധിക ആപ്തെ, തബു എന്നിവരായിരുന്നു ചിത്രത്തിൽ വേഷമിട്ടത്. ബ്ലാക്ക് കോമഡി ത്രില്ലറാണ് അന്ധാധുൻ.
Read More: വിനയ് ഫോർട്ടിന്റെ നായികയായി അനു സിതാര- ‘വാതിൽ’ ഒരുങ്ങുന്നു
അതേസമയം മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിരവഹിച്ചിട്ടുള്ള വ്യക്തിയാണ് രവി കെ ചന്ദ്രൻ. തലസ്ഥാനം, ഏകലവ്യന്, മാഫിയ, ദ കിംഗ്, ഏഴാം അറിവ്, ഗജനി, ആയുധ എഴുത്ത്, ബോയ്സ്, ബ്ലാക്ക്, സാവരിയ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം ഒരുക്കിയതും അദ്ദേഹമാണ്. ജീവയെ നായകനാക്കി തമിഴില്‍ ‘യാന്‍’ എന്ന ചിത്രവും രവി.കെ.ചന്ദ്രന് സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം മികച്ച ഛായാഗ്രാഹകനുള്ള നിരവധി അവാർഡുകളും അദ്ദേഹം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
Story highlights- bhramam movie shooting completed