ഉള്ളിൽ ഒരു സങ്കടകടൽ ഒതുക്കി അസുരവാദ്യത്തിൽ കൊട്ടിക്കയറിയ കൊച്ചുമിടുക്കി- വീഡിയോ
പാട്ടിനും നൃത്തത്തിനും ഉപരി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുട്ടികൾക്ക് മിടുമിടുക്കി എന്ന ഷോയിലൂടെ വേദിയൊരുക്കുകയാണ് ഫ്ളവേഴ്സ് ടി വി. പന്ത്രണ്ടു വയസിന് താഴെ പ്രായമുള്ള മിടുക്കികളാണ് മത്സരാവേശം ചോരാതെ വേദിയിൽ മത്സരിക്കാൻ എത്തിയിരിക്കുന്നത്. മാർഷ്യൽ ആർട്സ്, സ്പോർട്സ്, മാത്തമാറ്റിക്സ്, സയൻസ് തുടങ്ങിയ വ്യത്യസ്തമായ മേഖലകളിൽ കഴിവുതെളിയിച്ച ഒട്ടേറെ പെൺകുട്ടികൾ ഇതിനോടകം പ്രേക്ഷകരുടെ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ, നൊമ്പരകടൽ താണ്ടി തായമ്പക താളവുമായി കയ്യടി നേടുകയാണ് മീരയെന്ന മിടുക്കി.
തൃശൂർ സ്വദേശിനിയായ മീര ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ തോന്നിയ മോഹമാണ് ഉള്ളിലെ വാദ്യകലയെ പുറത്തുകൊണ്ടുവരാൻ മീരയെ സഹായിച്ചത്. അഞ്ചാം ക്ലാസ് മുതൽ തായമ്പക കൊട്ടിക്കയറിയ മീര, പഠിച്ചുതുടങ്ങി പത്തുമാസത്തിനുള്ളിൽ മേളത്തിൽ അരങ്ങേറ്റം കുറിച്ചു. സഹോദരനെ ചെണ്ടവാദ്യം പഠിപ്പിക്കാനുള്ള തുക മാത്രമായിരുന്നു മീരയുടെ കുടുംബത്തിന്റെ സമ്പാദ്യം. ആ സാഹചര്യത്തിൽ കൊച്ചുമകളുടെ ആഗ്രഹം സാധിച്ചു നൽകിയത് അമ്മൂമ്മയാണ്. പഠിപ്പിക്കാൻ സഹായിച്ച അമ്മൂമ്മയ്ക്ക് അഭിമാനമായി മീര കൊട്ടിക്കയറുമ്പോൾ ഒരു വശത്ത് വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
Read More: മഹേഷിന്റെയല്ല, ഇത് കീർത്തിയുടെ പ്രതികാരം- രസകരമായ വീഡിയോ പങ്കുവെച്ച് പ്രിയതാരം
കിഡ്നി തകരാറിലായി അമ്മൂമ്മയും ബുദ്ധിമുട്ടിലായി. എന്നാൽ, ഇന്ന് പൂരപ്പറമ്പിലും മറ്റു പരിപാടികളിലുമെല്ലാം മേളമവതരിപ്പിച്ച് അമ്മൂമ്മയുടെ ചികിത്സയ്ക്ക് സഹായിക്കുകയാണ് ഈ കൊച്ചുമിടുക്കി. മിടുമിടുക്കിയുടെ വേദിയിൽ അസുരവാദ്യത്തിൽ കൊട്ടിക്കയറിയ മീര നിറകയ്യടികളോടെയാണ് മടങ്ങിയത്.
Story highlights- chendamelam performance by meera