‘ദൃശ്യം 2’ തെലുങ്ക് റീമേക്കിന് തുടക്കമായി; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്
മലയാള സിനിമാലോകത്ത് മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് ദൃശ്യം 2. ഒടിടി റിലീസ് ആയിരുന്നതുകൊണ്ട് ചിത്രത്തിന് മികച്ചരീതിയിൽ ദേശീയശ്രദ്ധയും ലഭിച്ചിരുന്നു. ഇപ്പോഴിതാ, ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന് തുടക്കം കുറിച്ചിരിക്കുകയാണ്. വെങ്കിടേഷ് നായകനാകുന്ന ചിത്രത്തിന് ഹൈദരാബാദിലാണ് തുടക്കമിട്ടത്. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഒരു പതിവ് പൂജയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
കൊവിഡിൻറെ വ്യാപനം കാരണം കുറഞ്ഞ ആൾക്കൂട്ടത്തോടെ ചിത്രംആരംഭിക്കാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം തന്നെ ആവശ്യമായ സുരക്ഷാ മുൻകരുതലുകളും ചിത്രീകരണത്തിന് മുന്നോടിയായി അണിയറപ്രവർത്തകരും അഭിനേതാക്കളും സ്വീകരിച്ചു. ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിലൂടെയാണ് മോഹൻലാൽ നായകനായ ദൃശ്യം 2 റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തിന്റെ വിജയത്തെ തുടർന്നാണ് വെങ്കിടേഷ് ദഗ്ഗുബതിയെ നായകനാക്കി തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുമെന്ന് ജീത്തു ജോസഫ് അറിയിച്ചത്.
2014 ൽ പുറത്തിറങ്ങിയ ദൃശ്യം ഒന്നാം ഭാഗത്തിൽ വെങ്കിടേഷിനൊപ്പം, മീന, നദിയ മൊയ്തു എന്നിവരാണ് വേഷമിട്ടിരുന്നത്. ദൃശ്യം 2 ന്റെ അഭിനേതാക്കൾ, ക്രൂ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. മലയാളത്തിൽ മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്, സായ്കുമാര്, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍, സുമേഷ് ചന്ദ്രന് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
Story highlights- Drishyam 2 Telugu remake launched with pooja ceremony