‘മോഡൽ സ്കൂൾ 10 ഇ-യിലെ ലാലുവും 9 എച്ചിലെ വേണുവും’- ഓർമ്മകുറിപ്പുമായി ജി വേണുഗോപാൽ
അഭിമാന നേട്ടത്തിന്റെ നിറുകയിലാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. ചിത്രവുമായി ബന്ധപ്പെട്ടവരും അനുഭവങ്ങളുമെല്ലാം വാർത്തകളിൽ നിറയുകയാണ്. ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും ഇടയിൽ മോഹൻലാലിനൊപ്പമുള്ള ഒരു സംഗീത അനുഭവം പങ്കുവയ്ക്കുകയാണ് ഗായകൻ ജി വേണുഗോപാൽ.
തിരുവനന്തപുരം മോഡൽ സ്‌കൂളിൽ പഠിച്ചവരാണ് മോഹൻലാലും ജി വേണുഗോപാലും. അതുകൊണ്ടുതന്നെ കുടുംബവുമായും പരസ്പരം അടുപ്പമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് മോഹൻലാലിൻറെ അമ്മയെ കണ്ടപ്പോഴുള്ള അനുഭവമാണ് ജി വേണുഗോപാൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്.
‘മോഡൽ സ്കൂൾ 10 E യിലെ ലാലുവും 9 H ലെ വേണുവും:മൂന്ന് വർഷങ്ങൾക്ക് മുൻപ് ലാലേട്ടൻ്റെ കൊച്ചിയിലെ വീട്ടിൽ എടുത്ത ഫോട്ടോ . പോകാൻ നേരം “അമ്മയെവിടെ ” എന്ന ചോദ്യത്തിന് … ലാലേട്ടൻ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. “അമ്മയ്ക്കിതാരാന്ന് മനസ്സിലായോ”? ലാലേട്ടൻ ചോദിച്ചു. ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നിൽ ഞാൻ രണ്ട് വരി പാടി… “കൈ നിറയെ വെണ്ണ തരാം …. കവിളിലൊരുമ്മ തരാം… കണ്ണൻ ”അമ്മയുടെ മുഖത്തപ്പോൾ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോൽ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ….! ‘- ജി വേണുഗോപാലിന്റെ വാക്കുകൾ.
Read More: സംവിധായകനായി അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍; ബറോസ് ചിത്രീകരണത്തിന് തുടക്കം
അതേസമയം, മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമായ ബറോസിന്റെ തിരക്കിലാണ് താരം. മാർച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
Story highlights- G venugopal about mohanlal