കാറിനകത്ത് അലങ്കാര വസ്തുക്കൾ തൂക്കിയിട്ടുള്ളവർ ശ്രദ്ധിക്കുക; പിടി വീഴും

March 6, 2021
Govt makes decorations inside car illegal

കാറിനകത്ത് അലങ്കാര വസ്തുക്കൾ തൂക്കുന്നവർ സൂക്ഷിക്കുക. പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ട്… വാഹനത്തിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ അലങ്കാര വസ്തുക്കൾ തൂക്കുന്നത് ഇനി മുതൽ നിയമവിരുദ്ധം. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്‍പോർട്ട് കമീഷണർക്ക് അനുമതി നൽകിയിട്ടുണ്ട്. കാറിലെ റിയർ വ്യൂ ഗ്ലാസിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വസ്തുക്കളും മറ്റും തൂക്കിയിടുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പുതിയ നടപടി.

കാറുകളുടെ പിൻവശത്തെ ഗ്ലാസുകളുടെ കാഴ്ചകൾ മറയ്ക്കുന്ന രീതിയിൽ അലങ്കാര വസ്തുക്കളും കുഷിയനുകളും വയ്ക്കുന്നതും ശിക്ഷാർഹമാണ്. അതേസമയം കാറിന്റെ മുൻവശത്ത് ഡ്രൈവർക്ക് പുറമെ മുൻവശത്തെ സീറ്റിന്റെ ഭാഗത്തും എയർബാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറത്തിറക്കി. ഏപ്രിൽ ഒന്നുമുതലാണ് ഈ നിയമം ബാധകമാകുക. പഴയ കാറുകളിൽ ഇരട്ട എയർബാഗ് പിടിപ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 31 വരെയാണ്. ഇനിമുതൽ പുതിയ വാഹനങ്ങളിലും, ആഗസ്റ്റ് 31 ന് ശേഷം വിൽക്കുന്ന പഴയ വാഹനങ്ങളിലും ഇരട്ട എയർബാഗ് നിർബന്ധമാണ്.

Read also:മിമിക്രി വേദിയിൽ നിന്നും മലയാളി ഹൃദയങ്ങൾ കീഴടക്കിയ അത്ഭുതകലാകാരൻ; മണി ഓർമ്മകളിൽ സിനിമാലോകം

നിലവിൽ ഡ്രൈവിങ് സീറ്റിൽ മാത്രമാണ് എയർ ബാഗ് നിർബന്ധമുള്ളത്. എന്നാൽ പുതിയ നിയമം പ്രാവർത്തികമാകുന്നതോടെ മുൻ വശത്ത് ഡ്രൈവർക്ക് പുറമെ പാസഞ്ചറുടെ ഭാഗത്തും എയർബാഗ് വരും.

Story Highlights: Govt makes decorations inside car illegal