പരിസ്ഥിതി സംരക്ഷിക്കപ്പെടണം; ഒറ്റയാൾ പോരാട്ടം നടത്തി ക്യാൻസർ ബാധിതയായ മുത്തശ്ശി

Old woman battles to save her land from coal mine

പടർന്നുകിടക്കുന്ന പച്ചവിരിച്ച ഒലീവ് മരങ്ങൾ നിറഞ്ഞ മനോഹരമായ ഒരു കാഴ്ചയാണ് തുർക്കിയിലെ ടുർഗുറ്റ് ഗ്രാമത്തിൽ എത്തുന്നവരെ ആദ്യം ആകർഷിക്കുന്നത്. എന്നാൽ ഇതിനോട് ചേർന്ന് കാണുന്ന പുകതുപ്പുന്ന കൽക്കരി പ്ലാന്റുകളുടെ ചിത്രങ്ങൾ കൗതുകത്തിനപ്പുറം ആശങ്കയാണ് പുറത്തേക്ക് വിടുന്നത്. തുർക്കിയിലെ ഏറ്റവും വലിയ കൽക്കരി ഖനി കൂടിയാണ് ഇവിടുത്തേത്. ഇവിടെ നിന്നും അമിതമായി ഖനിവത്കരണം നടക്കുന്നതിനാൽ ഇവിടുത്തെ പരിസ്ഥിതി വലിയ തോതിൽ മലീനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഈ പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരു മുത്തശ്ശിയുണ്ട് ഈ ഗ്രാമത്തിൽ. തയ്യിബ് ഡെമിറേൽ എന്ന അറുപത്തിനാലുകാരി. ക്യാൻസർ ബാധിതയായ തയ്യിബ് മുത്തശ്ശി വർഷങ്ങളായി തന്റെ ഗ്രാമത്തിലെ ഖനി വത്കരണത്തിനെതിരായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഊർജ ഉത്പാദന കേന്ദ്രമായ ലിമാക് കമ്പനിയിലേക്കാണ് ഇവിടെ നിന്നും കൽക്കരി ഖനനം ചെയ്തുകൊണ്ടുപോകുന്നത്. ഊർജ ഉത്പാദനത്തിനായി അമിതതോതിൽ കൽക്കരി ഖനനം നടത്തിത്തുടങ്ങിയതോടെ ഈ പ്രദേശത്തിന്റെ നാല്പത് കിലോമീറ്റർ ചുറ്റളവിൽ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ സംഭവിച്ചു. അതിന് പുറമെ നിരവധി ഗ്രാമങ്ങൾ മരുഭൂമികളായി മാറി. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഏകദേശം 5000 ഹെക്ടറോളം ഭൂമി ഖനന മേഖലയായി മാറിക്കഴിഞ്ഞു.

Read also:കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ

അതേസമയം ഒരുകാലത്ത് പച്ചപ്പ് നിറഞ്ഞ തന്റെ ഗ്രാമങ്ങളെ തിരികെ എത്തിക്കാനായുള്ള പോരാട്ടത്തിലാണ് തയ്യിബ് മുത്തശ്ശി. കൽക്കരി ഖനന മേഖലയോട് ചേർന്ന് തയ്യിബ് മുത്തശ്ശിയ്ക്ക് ഒരു വലിയ ഒലിവ് തോട്ടമുണ്ട്. ഈ പ്രദേശവും ഒരിക്കൽ ഖനന മേഖലയ്ക്കായി ലിമാക് കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ പ്രദേശം നൽകാതിരുന്ന മുത്തശ്ശി തന്റെ നാടിൻറെ നന്മയ്ക്കായി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തന്റെ ഗ്രാമത്തിലെ ആളുകളെ ഉൾപ്പെടുത്തി കൽക്കരി ഖനനം തടയുന്നതിനായി ഒരു കൂട്ടായ്മയും തയ്യിബ് ആരംഭിച്ചു. നിയമപോരാട്ടത്തിനിറങ്ങിത്തിരിച്ച മുത്തശ്ശി ചൂണ്ടിക്കാട്ടിയ പരിസ്ഥിതി പ്രശ്നങ്ങൾ മുൻനിർത്തി, ഖനനം വ്യാപിപ്പിക്കുന്നതിൽ നിന്ന് ലിമാക് കമ്പനിയെ കോടതി താത്കാലികമായി തടഞ്ഞു. എന്നാൽ ഇപ്പോഴും തന്റെ നാടിൻറെ സുരക്ഷയ്ക്കായി പോരാടിക്കൊണ്ടിരിക്കുകയാണ് ഈ മുത്തശ്ശി.

Story Highlights: Old woman battles to save her land from coal mine