‘ചെറുപ്പത്തില്‍ മമ്മുക്കയോട് തോന്നിയ ആരാധനയാണ് പിന്നീട് സിനിമയില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത്’; ദ് പ്രീസ്റ്റ് സംവിധായകന്
മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് ദ് പ്രീസ്റ്റ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമാവുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.
ദ് പ്രീസ്റ്റിനെക്കുറിച്ച് സംവിധായകന് ജോഫിന്‍ ടി ചാക്കോ പങ്കുവെച്ച കുറിപ്പ്
പ്രീസ്റ്റിന്റെ ഫൈനല്‍ മാസ്റ്ററിംഗ് കഴിഞ്ഞു.. സ്വപ്ന സാക്ഷാത്കരത്തിന് ആദ്യം നന്ദി പറയുന്നത് മമ്മുക്കയോടാണ് ചെറുപ്പത്തില്‍ മമ്മുക്കയോട് തോന്നിയ ആരാധനയാണ് പിന്നീട് സിനിമയോടായി മാറിയതും, സിനിമയില്‍ ജീവിക്കാനും പ്രേരിപ്പിച്ചത്. ഏത് കഥ ചിന്തിക്കുമ്പോഴും അതിലെ നായകന് മമ്മുക്കയായിരുന്നു. ആ മമ്മുക്കയെ വെച്ച് ആദ്യ സിനിമ ചെയ്യാനായത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു.
അതോടൊപ്പം ഞാന്‍ വലിയ നന്ദി പറയുന്നത് ആന്റോ ചേട്ടനോടാണ്, സിനിമ എന്ന എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത് ആന്റോ ചേട്ടനാണ് ആന്റോ ചേട്ടനോടൊപ്പം ഉണ്ണി സാറും. ഇത്രത്തോളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും മമ്മൂക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം എനിക്ക് പൂര്‍ത്തിയക്കാനായത് ഈ രണ്ടു നിര്‍മാതാക്കള്‍ ഒപ്പം നിന്നത് കൊണ്ടാണ്. പ്രീസ്റ്റിന്റെ 80 % ചിത്രീകരണം പൂര്‍ത്തീകരിച്ച സമയത്താണ് കൊറോണ വന്ന് ലോകം മുഴുവന്‍ നിശ്ചലമായത്, 8 മാസങ്ങള്‍ക്ക് ശേഷമാണ് ബാക്കി ഷൂട്ട് ചെയ്യുന്നത്.
‘തിയേറ്ററില്‍ കാണേണ്ട ചിത്രം ‘ പ്ലാന്‍ ചെയ്തപ്പോള്‍ മുതല്‍ ഈ നിമിഷം വരെ അതു തന്നെയാണ് ‘ദി പ്രീസ്റ്റ്’. ലോകം മുഴുവന്‍ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം.. അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി, ഇന്ത്യക്ക് പുറത്ത് ചിത്രം വിതരണത്തിന് എടുത്തത് മമ്മുക്കയുടെ കടുത്ത ആരാധകനായ സമദിക്കയാണ് (Truth Films) അദ്ദേഹത്തിന്റെയും ആദ്യ ചിത്രമാണ് ‘പ്രീസ്റ്റ്’, എന്നാല്‍ ഇപ്പോള്‍ ലോകത്ത് പലയിടത്തും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ് ദുബായ്, സൗദി, ഒമാന്‍ തുടങ്ങി മിക്കയിടത്തും തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല! ലോകമെമ്പാടുമുള്ള ഒരുപാട് മമ്മുക്ക ആരാധകര്‍ ചിത്രം കാത്തിരിക്കുയാണെന്ന് അറിയാം.
എന്നാല്‍ കുടുംബ പ്രക്ഷകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലും തിയേറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ല. (ചെറിയ ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്, മാര്‍ച്ച് 1 മുതല്‍ സെക്കന്റ് ഷോ ആരംഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല). അനുകൂലമായ തീരുമാനങ്ങള്‍ വരുന്നത് വരെ നമുക്ക് കാത്തിരിക്കാം. എന്റെ ആദ്യ ചിത്രം സജീവമായ തീയേറ്ററുകളില്‍ ഒരു മമ്മുക്ക ആരാധകനായി കാണാന്‍ കാത്തിരിക്കുകയാണ് ഞാനും. പ്രീസ്റ്റ് ടീമും…
Story highlights: Jofin T Chacko about The Priest