തിയേറ്ററുകളില്‍ ചാര്‍ജെടുക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്; വണ്‍ റിലീസ് മാര്‍ച്ച് 26 ന്
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വണ്‍. പ്രഖ്യാപനം മുതല്‍ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ശ്രദ്ധ നേടുകയും ചെയ്തു. ഈ സിനിമയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളാ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. കടക്കല്‍ ചന്ദ്രന് എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. മാര്‍ച്ച് 26 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
മമ്മൂട്ടിക്കൊപ്പം മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മരമ്പള്ളി ജയാനന്ദന് എന്നാണ് ചിത്രത്തില്‍ താരം അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. കേരളത്തിന്റെ പ്രതിപക്ഷ നേതാവായാണ് വണ്‍-ല്‍ മുരളി ഗോപി എത്തുന്നതും.
Read more: പ്രണയചാരുതയില്‍ ‘മധുരപ്പതിനേഴ്കാരി’; ചിരിയിലെ വിഡിയോ ഗാനം
അതേസമയം ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘വണ്‍’, നിര്‍മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര് ആണ്.
ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്, നിമിഷ സജയന്, സിദ്ദിഖ്, മാത്യു തോമസ്, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, ജഗദീഷ്, പി ബാലചന്ദ്രന്, കൃഷ്ണകുമാര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Story highlights: Kadakkal Chandran to take charge from March 26th






