വീണ്ടും അതിശയിപ്പിക്കാൻ രജിഷ വിജയൻ; ശ്രദ്ധേയമായി ഖോ ഖോ ടീസർ

Kho Kho Official Teaser

ആദ്യചിത്രത്തിലൂടെത്തന്നെ പ്രേക്ഷക സ്വീകാര്യത നേടിയ ചലച്ചിത്രതാരമാണ് രജിഷ വിജയൻ. താരം മുഖ്യ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ഖോ ഖോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്‌പോര്‍ട്‌സ് പശ്ചാത്താലത്തിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ടീസർ. രജിഷ വിജയൻ തന്നെയാണ് ടീസറിലെ മുഖ്യ ആകർഷണവും.

ചിത്രത്തിനുവേണ്ടിയുള്ള രജിഷ വിജയന്റെ മേക്കോവറും ശ്രദ്ധ നേടുന്നുണ്ട്. മരിയ ഫ്രാന്‍സിസ് എന്നാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

Read also: തലതിരിഞ്ഞ് ചിത്രങ്ങൾ വരച്ച് അമൃത്; അത്ഭുത കലാകാരനെ തേടിയെത്തിയത് നിരവധി റെക്കോർഡുകൾ

ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. ഈ കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് ഖോ ഖോ മത്സരം. ഒന്‍പത് പേര്‍ മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുള്ള കളിയാണ് ഖോ ഖോ.

അതേസമയം രജിഷ വിജയന്‍ കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയനെത്തിയത്. അരുണ്‍ പി ആര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമായെത്തി.

Story Highlights:Kho Kho Official Teaser