റിലീസിന് ഒരുങ്ങി ‘നായാട്ട്’; ഹിറ്റ് ലിസ്റ്റിൽ ഇടംനേടി ത്രസിപ്പിക്കുന്ന ട്രെയ്‌ലർ

March 31, 2021

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രിൽ എട്ടിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി എത്തിയ ട്രെയ്‌ലർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറി. ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലറിൽ നിന്നും നായാട്ട് ഒരു സസ്പൻസ് ത്രില്ലറാണെന്ന സൂചനയാണ് നൽകുന്നത്.

ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. നിമിഷയും ജോജുവും പോലീസ് വേഷത്തിൽ തന്നെയാണ് എത്തുന്നത്. ജോജു ജോർജ് നായകനായി വേഷമിട്ട് അവാർഡ് നേടിയ ചിത്രമായ ‘ജോസഫി’ന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതൊരു പോലീസ് സ്റ്റോറിയാണെങ്കിലും ‘ജോസഫുമായി’ സമാനതകളൊന്നുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി എന്നിവർ നിർവഹിക്കുന്നു. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമ്മാണം. മാജിക്‌ ഫ്രെയിംസ് റിലീസ് ആണ് വിതരണം.

Read More: നെഞ്ചിടിപ്പേറ്റുന്ന ട്രെയ്‌ലർ; വിസ്മയിപ്പിക്കാൻ ‘നായാട്ട്’

കൊവിഡ്– 19 ആരംഭിക്കുന്നതിനുമുമ്പ് ചിത്രത്തിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചിരുന്നു. ബാക്കി അടുത്തിടെ പൂർത്തിയായി. അന്വേഷണാത്മക ത്രില്ലറിന്റെ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ചില ലൊക്കേഷനുകൾ പിറവം, മൂന്നാർ, കൊടൈക്കനാൽ എന്നിവയായിരുന്നു.

Story highlights- kunchacko boban’s nayattu trailer is trending