‘ഇനി ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ ടീമിനൊപ്പം’; പുതിയ സിനിമ വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

അഞ്ചാം പാതിരയുടെ ഗംഭീര വിജയത്തിന് ശേഷം നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനെ തേടിയെത്തിയത്. മോഹൻ കുമാര്‍ ഫാൻസ്, നായാട്ട്, പട, നിഴൽ, ഭീമന്റെ വഴി, ഒറ്റ്, മറിയം ടെയ്ലേഴ്സ്, ആറാം പാതിര എന്നിങ്ങനെ നീളുന്നു ഈ പട്ടിക. അതേസമയം, പുതിയ സിനിമാവിശേഷം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേര്‍ഷൻ 5.25 എന്ന സിനിമയൊരുക്കിയ രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത് കുഞ്ചാക്കോ ബോബനാണ്.നടൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള തന്നെയാണ് കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം നില്ക്കുന്ന ചിത്രം കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു.
‘ആൻഡ്രോയ്ഡ് പീപ്പിളിനൊപ്പം കൂടുകയാണ്, അടുത്ത സിനിമ രതീഷേട്ടനും സന്തോഷേട്ടനുമൊപ്പമാണ്, കൂടുതൽ കാര്യങ്ങൾ ഉടൻ അറിയിക്കും, നന്ദി, ദൈവത്തിന് നന്ദി’, ചിത്രത്തോടൊപ്പം കുഞ്ചാക്കോ ബോബൻ കുറിക്കുന്നു. മഹേഷ് നാരായണന് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ”അറിയിപ്പ്’ എന്ന സിനിമയിലും കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്. ഈ ചിത്രത്തിലൂടെ ഉദയ വീണ്ടും സജീവമാകുകയാണ്.
Story Highlights- kunchacko boban’s next with android kunjappan team