കൊറോണ ജീവിതം മാറ്റിമറിച്ചു; സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് പലഹാരം വിൽക്കാൻ ഇറങ്ങിയ ദേശീയ അമ്പെയ്ത്ത് താരം…

നിനച്ചിരിക്കാത്ത നേരത്ത് വിളിക്കാതെ എത്തിയതാണ് കൊറോണ വൈറസ്.. കൊറോണക്കാലം സൃഷ്ടിച്ച പ്രതിസന്ധിയിൽ ജീവിതത്തിന്റെ താളം തെറ്റിയവരും സ്വപ്‌നങ്ങൾ ബാക്കിവെച്ച് യാത്രയായവരുമൊക്കെ നിരവധി..അത്തരത്തിൽ ലോക്ക് ഡൗണിന് ശേഷം തന്റെ സ്വപ്നങ്ങളെ വേണ്ടന്നുവെച്ച് പലഹാരം വിൽക്കാൻ ഇറങ്ങിത്തിരിച്ചതാണ് ദേശീയ അമ്പെയ്ത്ത് താരമായ മംമ്‌ത തുഡു.
വളരെ ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെയാണ് മംമ്‌ത തുഡു ജനിച്ചുവളർന്നത്. ദാരിദ്ര്യത്തിനിടെയിലും പഠനവും ഇഷ്ടകായിക ഇനമായ അമ്പെയ്ത്തും മംമ്‌ത തുഡു പരിശീലിച്ചിരുന്നു. എന്നാൽ കൊറോണക്കാലത്ത് കുടുംബം പട്ടിണിയിൽ ആയതോടെ റാഞ്ചി ആർച്ചറി അക്കാഡമിയിലെ പഠനം ഉപേക്ഷിച്ച് വീട്ടിലേക്ക് എത്തിയതാണ് മംമ്‌ത തുഡു.
അച്ഛനും അമ്മയും ഏഴ് സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന്റെ പട്ടിണി മാറ്റാനായി പലഹാര കച്ചവടം തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ മംമ്‌ത തുഡു. കുടുംബത്തിലെ മൂത്തമകളാണ് മംമ്‌ത, അച്ഛൻ ജോലിയിൽ നിന്നും വിരമിച്ച ശേഷം മറ്റ് വരുമാന മാർഗങ്ങൾ ഒന്നുമില്ലാത്ത കുടുംബത്തിന്റെ ചുമതലകൾ വഹിക്കേണ്ടത് മംമ്‌തയുടെ കൂടി ഉത്തരവാദിത്വമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് പലഹാരക്കച്ചവടത്തിനായി ഇറങ്ങിയിരിക്കുകയാണ് മംമ്‌ത.
പക്കോഡ, മുളപ്പിച്ച പയർ, ചെറിയ സ്‌നാക്‌സ് തുടങ്ങിയവയാണ് മംമ്‌തയുടെ കടയിൽ വിൽക്കുന്നത്. ഇപ്പോൾ ഈ പലഹാര കടയിൽ നിന്നുള്ള വരുമാനം മാത്രമാണ് ഒമ്പത് പേരടങ്ങുന്ന ഈ കുടുംബത്തിന്റെ ആകെയുള്ള വരുമാനം.
അതേസമയം 2010 ലും 2014 ലും ജൂനിയർ, സബ് ജൂനിയർ തലങ്ങളിൽ അമ്പെയ്ത്തിൽ സ്വർണ്ണ മെഡൽ നേടിയ താരമാണ് മംമ്‌ത.
Story Highlights:mamta-tudu-national-level-archer-jharkhand-selling-snacks