രണ്ടാം നിലയിൽ നിന്നും തലകറങ്ങി താഴേക്ക്; മനഃസാന്നിധ്യംകൊണ്ട് തുണയായി അത്ഭുത രക്ഷകനും- വീഡിയോ
വടകരയിൽ നടന്ന അത്ഭുതകരമായ സംഭവമാണ് മലയാളികൾ ഇന്ന് ചർച്ചചെയ്യുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും തലകറങ്ങി താഴേക്ക് വീണ ആളെ കാലിൽ പിടിച്ച് രക്ഷപ്പെടുത്തിയ തൊഴിലാളി സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ്. വളരെ അപ്രതീക്ഷിതമായ സംഭവത്തിന് മുന്നിൽ പതറാതെ മനഃസാന്നിധ്യം കൊണ്ട് വലിയൊരു അപകടം ഒഴിവാക്കിയ മീത്തൽ ബാബുരാജ് എന്ന വ്യക്തിയെ രക്ഷകൻ എന്നല്ലാതെ മറ്റെന്ത് വിളിക്കാനാകും? കാരണം, തലകറങ്ങി വീണയാൾ താഴേക്ക് പതിച്ചിരുന്നെങ്കിൽ അവിടെ വൈദ്യുതി കമ്പി ഉൾപ്പെടെയുള്ള അവസ്ഥയായിരുന്നു.
തൊഴിലാളികളായ അരൂർ ഹരിത വയൽ ബിനു നിലയത്തിൽ ബിനു എന്ന ബാബുവും, തയ്യിൽ മീത്തൽ ബാബുരാജ് എന്നയാളും വടകര കേരള ബാങ്കിൽ ക്ഷേമനിധി തുക അടയ്ക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇരുവരും രണ്ടാം നിലയിലുള്ള കെട്ടിടത്തിന്റെ വരാന്തയിൽ അവരവരുടെ ഊഴം കാത്തുനില്കുകയായിരുന്നു. അതിനിടയിലാണ് അരയൊപ്പമുള്ള കൈവരിയിൽ ചാരിനിന്ന ബിനു തലകറങ്ങി താഴേക്ക് നിന്നനിൽപ്പിൽ മറിഞ്ഞത്.
തൊട്ടടുത്ത് തന്നെ നിന്നിരുന്ന ബാബുരാജ് സെക്കൻഡുകൾക്കുള്ളിൽ താഴേക്ക് പതിക്കുന്ന ബിനുവിന്റെ കാലുകളിൽ പിടിച്ചുനിർത്തി. മനഃസാന്നിധ്യം കൈവിടാതെ കൈവരിയോട് ചേർത്ത് കാലും പിടിച്ച് നിന്നുകൊണ്ട് ബാങ്കിനുള്ളിലും മറ്റുമുള്ള ആളുകളെ സഹായത്തിനായി വിളിച്ചു. എല്ലാവരും ചേർന്ന് ബിനുവിനെ പിടിച്ച് വരാന്തയിലേക്ക് എത്തിക്കുകയായിരുന്നു.
Read More: വിധികർത്താക്കളെയും അത്ഭുതപ്പെടുത്തി അബിജ്ഞ എന്ന കൊച്ചുമിടുക്കി, വിഡിയോ
യുഎൽസിസിഎസിലെ ജീവനക്കാരനായിരുന്നു ബിനു. നിർമാണ തൊഴിലാളിയാണ് രക്ഷപ്പെടുത്തിയ ബാബുരാജ്. എന്തായാലും ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ച സന്തോഷത്തിലാണ് ബാബുരാജ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനുവിനെ പിന്നീട് വീട്ടിലേക്ക് അയച്ചു. ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബാബുരാജിനെ തേടി അഭിനന്ദന പ്രവാഹമാണ്.
Story highlights- miracle escape of a man who fall from building