“പൊളിഞ്ഞ് ഊപ്പാടിളകിയ… എന്നൊക്കെ പ്രാര്‍ത്ഥനയില്‍ ആദ്യമായിട്ടാ കേള്‍ക്കുന്നത്”: ചിരിനിറച്ച് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ടീസര്‍

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുന്‍പേ ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന ടീസറുകളും ട്രെയ്ലറുകളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുകയാണ് മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ ടീസര്‍. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ഏറെ രസകരമായ രീതിയിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിയ്ക്കുന്നത്. ശ്രീനിവാസനും സിദ്ദിഖും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ജിസ് ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും സംവിധാനം നിര്വഹിയ്ക്കുന്നതും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് നിര്‍മാണം. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥയൊരുക്കിയത്. ഈ മാസം 19 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അതേസമയം ചിത്രത്തിലേതായി പുറത്തിറങ്ങിയ ശിങ്കാര പൂങ്കൊടി എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അതിഗംഭീര നൃത്തപ്രകടനമാണ് ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണം. ബെന്നി ദയാലും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു. ജിസ് ജോയ്-യുടേതാണ് ഗാനത്തിലെ വരികള്‍.
Story highlights: Mohan Kumar Fans Official Teaser