സിനിമയും സിനിമാക്കാരും നിറഞ്ഞ ഫീൽഗുഡ് ചിത്രം; ‘മോഹൻകുമാർ ഫാൻസ്’ റിവ്യൂ
ജിസ് ജോയ് ചിത്രങ്ങൾ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരു ചെറു പുഞ്ചിരിയുമായി മാത്രമേ തീയേറ്റർ വിട്ട് പോകാറുള്ളൂ. അത്രയ്ക്ക് മനോഹരമായ ഫീൽഗുഡ് ചിത്രങ്ങളിലൂടെയാണ് ജിസ് ജോയ് എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുള്ളത്. അതുതന്നെയാണ് മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിലും സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
പഴയകാല നടനായ മോഹൻ കുമാറിന്റെയും ഡ്രൈവറായ കൃഷ്ണനുണ്ണിയുടെയും കഥയാണ് സിനിമ പറയുന്നത്. എൺപതുകളിലെ സൂപ്പർതാരമായിരുന്ന മോഹൻകുമാർ മുപ്പതുവർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. സിനിമയിലേക്ക് മടങ്ങിയെത്തുന്ന മോഹൻകുമാർ, പിന്നണി ഗായകനാകാൻ സ്വപ്നം കണ്ട് നിർമാതാവിന്റെ ഡ്രൈവറായ കുഞ്ചാക്കോ ബോബൻ കഥാപാത്രം, യുവ താരമായ ആഘോഷ് മേനോൻ എന്നിവരിലൂടെയാണ് കഥ ആരംഭിക്കുന്നത്.
മൂന്നു കഥാസന്ദര്ഭങ്ങളിലൂടെയാണ് തുടങ്ങുന്നതെങ്കിലും പിന്നീട് എല്ലാം ഒരേ പാതയിലേക്ക് എത്തുന്നു. മോഹൻകുമാറായി സിദ്ദിഖ് എത്തുമ്പോൾ കൃഷ്ണനുണ്ണിയുടെ വേഷത്തിൽ കുഞ്ചാക്കോ ബോബനാണ്. വിനയ് ഫോർട്ട് യുവതാരമായി എത്തുന്നു. സ്പൂഫ് രീതിയിലാണ് ഈ മൂന്നു കഥാപാത്രങ്ങളും ജിസ് ജോയ് അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തിൽ സിനിമാ പശ്ചാത്തലത്തിൽ ഒട്ടേറെ ചിത്രങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, ഇവയിൽ നിന്നും മോഹൻകുമാർ ഫാൻസ് വേറിട്ടുനിൽക്കുന്നത്, സിനിമാ നടന്റെ ആഘോഷപൂർണമായ ജീവിതത്തിന് പകരം അയാളുടെ വ്യക്തി ജീവിതത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കണ്ടുപഴകിയ ചിത്രങ്ങളുടെ ആലസ്യം മോഹൻകുമാർ ഫാൻസ് സമ്മാനിക്കില്ല.
ലളിതമായ കഥയാണെങ്കിലും ചെറിയ വേഷങ്ങളിൽ പോലും വലിയ താരങ്ങൾ വന്നത് ചിത്രത്തിന് കൂടുതൽ മികവേകി. പ്രകാശ് മാത്യു എന്ന നിർമാതാവായി മുകേഷ്, ശ്രീനിവാസൻ, ജോയ് മാത്യു, അലൻസിയർ, സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിങ്ങനെ നീളുന്നു താരനിര. അഭിനയത്തിൽ ഏറ്റവും സ്കോർ ചെയ്തത് സിദ്ധിഖ് ആണ്. നായികയായി എത്തുന്ന അനാർക്കലി നാസർ പുതുമുഖമെന്ന് തോന്നിച്ചതേയില്ല. മലയാള സിനിമയ്ക്ക് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു നായികയെയാണ് മോഹൻകുമാർ ഫാൻസ് സമ്മാനിച്ചിരിക്കുന്നത്.
read More: ചിരി നിറച്ച് മോഹൻകുമാർ ഫാൻസ്; കുഞ്ചാക്കോ ബോബൻ ചിത്രം നാളെ മുതൽ, ശ്രദ്ധനേടി പുതിയ ടീസർ
ബോബി സഞ്ജയും ജിസ് ജോയിയും ചേർന്നാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. പ്രിൻസ് ജോർജിന്റെ ഗാനങ്ങൾ കഥാഗതിയുമായി ചേർന്ന് നിൽക്കുന്നു. കണ്ടിറങ്ങുമ്പോൾ നല്ലൊരു അനുഭൂതി മനസുനിറയെ സമ്മാനിക്കുന്ന കുടുംബ ചിത്രമാണ് മോഹൻകുമാർ ഫാൻസ്.
Story highlights- mohankumar fans review