ചിരി നിറച്ച് മോഹൻകുമാർ ഫാൻസ്‌; കുഞ്ചാക്കോ ബോബൻ ചിത്രം നാളെ മുതൽ, ശ്രദ്ധനേടി പുതിയ ടീസർ

March 18, 2021
Mohankumar Fans latest Teaser

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മോഹൻകുമാർ ഫാൻസ്’. ഇപ്പോഴിതാ സിനിമ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ ടീസർ. ‌കുഞ്ചാക്കോ ബോബനും സിദ്ദിക്കും തന്നെയാണ് ടീസറിലെയും മുഖ്യ ആകർഷണം.

ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘മോഹൻകുമാർ ഫാൻസ്’‌. പുതുമുഖം അനാർക്കലി നാസറാണ് ചിത്രത്തിലെ നായിക. ബോബി സഞ്ജയും ജിസ് ജോയിയും ചേർന്നാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതേസമയം മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രം നാളെ (മാർച്ച് 19) മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിലേതായി മനോഹരമായ ഒരു പ്രണയഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നീലമിഴി എന്നു പേരിട്ടിരിയ്ക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതിന് പുറമെ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ട്രെയ്‌ലറുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Read also:കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ

അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ‘പട’, ‘മറിയം ടെയ്‌ലേഴ്‌സ്’, ‘ഗിർ’, നായാട്ട് എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിഴൽ എന്ന ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ നയൻതാരയ്ക്ക് ഒപ്പമാണ് കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു.

Story Highlights: Mohankumar Fans latest Teaser