ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ മരക്കാര്‍ ഇതുവരേയും കണ്ടിട്ടില്ല, സങ്കടമുണ്ടെന്നും മോഹന്‍ലാല്‍
ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയെങ്കിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പൂര്‍ണമായും കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍. ചിത്രത്തിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചപ്പോള്‍ മാധായമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. ‘മരക്കാര്‍ ഞാന്‍ കണ്ടിട്ടില്ല. അതൊരു വലിയ സങ്കടവുമാണ്. ചിത്രത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ചെറിയ ഭാഗമെങ്കിലും പുറത്തു പോയാല്‍ സസ്‌പെന്‍സ് ഇല്ലാതാകും’ എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മരക്കാര്‍. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച വിഷ്വല്‍ എഫക്ടസിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു. അതേസമയം മെയ് 13 മുതല്‍ മരക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
സാങ്കേതിക മികവില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പകുതിയും നാവികയുദ്ധമാണ്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ‘മരക്കാര്‍’ എന്ന സിനിമയുടെ നിര്‍മാണം.
Story highlights: Mohanlal about Marakkar movie