ബറോസിന് ആശംസകളുമായി സിനിമാലോകം- ശ്രദ്ധനേടി മോഹൻലാലിൻറെ ‘ബറോസ്’ ലുക്ക്

March 24, 2021

നടൻ മോഹൻലാൽ പുതിയ ചുവടുവയ്‌പ്പിന്റെ ആവേശത്തിലാണ്. ആദ്യമായി സംവിധായകന്റെ തൊപ്പി ധരിക്കുമ്പോൾ മോഹൻലാലിനും ബറോസിനും ആശംസാപ്രവാഹമാണ്. പൂജ ചടങ്ങുകളിൽ മമ്മൂട്ടി, പ്രിയദർശൻ, ദിലീപ്, സത്യൻ അന്തിക്കാട്, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, സിബി മലയിൽ തുടങ്ങിയവർ സജീവ സാന്നിധ്യമാകുമ്പോൾ അമിതാഭ് ബച്ചൻ, സുരേഷ് ഗോപി തുടങ്ങിയവർ ആശംസ അറിയിക്കുകയാണ്.

സംവിധാനത്തിനൊപ്പം മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബറോസായി മോഹൻലാൽ ആണ് എത്തുന്നത്. ചിത്രത്തിലെ മോഹൻലാലിൻറെ ലുക്ക് പൂജ ചടങ്ങിൽ പുറത്തുവിട്ടു. ഹോളിവുഡ് ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അദ്ദേഹത്തിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും എത്തുന്നുണ്ട്.

2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്.

ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. ഛായാഗ്രാഹകൻ കെ യു മോഹനന് പകരമാണ് സന്തോഷ് ശിവൻ സിനിമയിലേക്ക് എത്തുന്നത്. ഈ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജൂലൈയിൽ ആരംഭിക്കാനിരുന്ന ഷൂട്ടിംഗ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു.

Read More: സംവിധായകനായി അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍; ബറോസ് ചിത്രീകരണത്തിന് തുടക്കം

ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.