സംവിധായകനായി മോഹൻലാൽ; ‘ബറോസ്’ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു, ശ്രദ്ധനേടി ചിത്രങ്ങൾ

March 11, 2021
mohanlal-barroz-preproduction

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. മാർച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. മോഹൻലാലിന് പുറമെ പൃഥ്വിരാജ് സുകുമാരൻ, ആന്റണി പെരുമ്പാവൂർ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഗോവയിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. ഛായാഗ്രാഹകൻ കെ യു മോഹനന് പകരമാണ് സന്തോഷ് ശിവൻ സിനിമയിലേക്ക് എത്തുന്നത്. ഈ വർഷം ആദ്യം തന്നെ സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടാനായി കരാറിൽ ഒപ്പുവെച്ചിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.

baroz

Read also:തരിശുഭൂമിയെ മനോഹരമായ പിങ്ക് പറുദീസയാക്കിമാറ്റി യുവാവ്; പിന്നിൽ മനോഹരമായൊരു പ്രണയകഥയും

അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു.

barroz

Story Highlights: mohanlal-barroz-preproduction