നൃത്ത ഭാവങ്ങളിൽ നിറഞ്ഞാടി അനു സിതാരയും നിമിഷയും- മനോഹര വീഡിയോ

March 14, 2021

മലയാള സിനിമയിലെ യുവാനായികമാരിൽ ശ്രദ്ധേയരാണ് അനു സിതാരയും നിമിഷ സജയനും. ഒന്നിച്ച് ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. സിനിമയ്ക്കപ്പുറം പരസ്പരം സമയം മാറ്റിവയ്ക്കുന്ന അനു സിതാരയും നിമിഷയും ഇടവേളകളിൽ യാത്രകളും നടത്താറുണ്ട്. കുടുംബസമേതമുള്ള ഇത്തരം യാത്രകളുടെ മനോഹര നിമിഷങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിന് പുറമെ നല്ല നർത്തകരായ അനു സിതാരയും നിമിഷയും ഇപ്പോഴിതാ, നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കുകയാണ്.

‘ഉഡി ഉഡി ജായേ..’ എന്ന പാട്ടിനാണ് ഇരുവരും ചടുലമായ നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കുന്നത്. മുൻപും രണ്ടുപേരും ചേർന്നുള്ള നൃത്ത വീഡിയോ അനു സിതാര പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സിനിമാലോകത്തെ പ്രസിദ്ധമായ കൂട്ടുകെട്ടിലൊന്നാണ് അനു സിതാരയും നിമിഷ സജയനും തമ്മിലുള്ളത്. ഇരുവരും ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിൽ മാത്രമാണ് ഒന്നിച്ച് അഭിനയിച്ചത്. അനു സിതാര എപ്പോഴും ഒരു ചേച്ചിയെ പോലെയാണ് എന്നാണ് നിമിഷ അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. പൊതുവെ ആളുകളോട് അങ്ങോട്ട് പോയി മിണ്ടാൻ മടിയുള്ള അനു സിതാര ആദ്യമായി അങ്ങനെ സംസാരിച്ചത് നിമിഷയോടാണെന്നും പറയുന്നു.

അതേസമയം, ലണ്ടനിൽ നിന്നും ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ് നിമിഷ സജയൻ. നിമിഷ, ആദിൽ ഹുസൈൻ എന്നിവരെ കൂടാതെ നടി ലെനയും ചിത്രത്തിലുണ്ട്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥ പങ്കുവയ്ക്കുന്ന ചിത്രത്തിന് നീത ശ്യാമാണ് തിരക്കഥ ഒരുക്കിയത്. മകളെ കാണാതാകുമ്പോൾ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read More: ദ് പ്രീസ്റ്റ് കൈയടി നേടുമ്പോള്‍ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് മഞ്ജു വാര്യര്‍

വാതിൽ എന്ന ചിത്രത്തിലാണ് അനു സിതാര അഭിനയിക്കുന്നത്. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. രചന നാരായണൻകുട്ടി, സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായർ, സ്മിനു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മാധവനാണ് നിർവഹിക്കുന്നത്.

Story highlights- nimisha sajayan and anu sithara dance video