കഥകളും കവിതകളുമെല്ലാം തലതിരിച്ചെഴുതി റെക്കോര്‍ഡ് സ്വന്തമാക്കിയ മിടുക്കി
ഒന്നു മനസ്സുവെച്ചാല്‍ കഥകളും കവിതകളുമൊക്കെ എഴുതാന്‍ പലര്‍ക്കും സാധിക്കും. എന്നാല്‍ അവ തലതിരിച്ചെഴുതാന് പറഞ്ഞാലോ. അത് അല്പം പ്രയാസമേറിയ കാര്യംതന്നെയാണ്. എന്നാല്‍ കഥകളും കവിതകളുമൊക്കെ തലതിരിച്ചെഴുതി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് നിറ്റി രാജ് എന്ന മിടുക്കി.
അപൂര്‍വമായ ഈ മികവുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലാണ് ആറ്റിങ്ങല്‍ സ്വദേശിയായ നിറ്റി രാജ് എന്ന് വീട്ടമ്മ ഇടം നേടിയത്. നാല് ചെറുകഥകള്‍, 19 മിനിക്കഥകള്‍, കവിതകള്‍ തുടങ്ങിയവ തിരിച്ചെഴുതിയാണ് ഇവര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിയ്ക്കുന്നത്. അപൂര്‍വ നേട്ടം സ്വന്തമാക്കിയ നിറ്റിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഏറെയാണ്.
പഠനകാലംതൊട്ട് നിറ്റി കഥകളും കവിതകളുമൊക്കെ എഴുതിയിരുന്നു. എന്നാല്‍ പിന്നീട് ഇടയ്ക്ക് അവിചാരിതമായി മിറര്‍ റൈറ്റിങ്ങിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞു. അങ്ങനെ മിറര്‍ റൈറ്റിങ് പരിശീലിക്കാനും തുടങ്ങി. കൊവിഡ് 19 മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗണ്‍ സമയത്താണ് തിരിച്ചെഴുത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത്. അത് മറ്റൊരു നേട്ടത്തിലേക്കു കൂടി വഴിതെളിയ്ക്കുകയായിരുന്നു.
മിറര്‍ റൈറ്റിങ്ങില്‍ ഗിന്നസ് നേട്ടമാണ് നിറ്റി രാജിന്റെ അടുത്ത ലക്ഷ്യം. ഇതിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്ഡ്സെന്നും നിറ്റി രാജ് പറയുന്നു. മിറര്‍ റൈറ്റിങിന് പുറമെ മിറര്‍ പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, ത്രിഡി പെയിന്റിങ്, ബോട്ടില്‍ ആര്‍ട്ട് തുടങ്ങിയ കാര്യങ്ങളിലും നിറ്റി രാജ് മികവ് പുലര്‍ത്തുന്നുണ്ട്.
Story highlights: Nitiraj in India Book of Record for Mirror writing