കടയ്ക്കൽ ചന്ദ്രൻ ഇന്ന് അധികാരമേൽക്കും; ‘വൺ’ തിയേറ്ററുകളിൽ

March 26, 2021

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന വൺ. താരം ആദ്യമായി മുഖ്യമന്ത്രി വേഷത്തിൽ എത്തുന്ന ആവേശത്തിലാണ് ആരാധകർ. ചിത്രം ഇന്ന് മുതൽ തിയേറ്ററുകളിലേക്ക് എത്തും. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി വണ്ണിൽ അവതരിപ്പിക്കുന്നത്.

കടയ്ക്കൽ ചന്ദ്രനെന്ന ശക്തനായ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുമ്പോൾ മാറ്റി രാഷ്ട്രീയ നേതാക്കന്മാരായി എത്തുന്ന അഭിനേതാക്കൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രതിപക്ഷ നേതാവായി മുരളി ഗോപിയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചീഫ് സെക്രട്ടറിയായി സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്‍ണനും അഭിനയിക്കുന്നു. ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുവെന്നതാണ് ആരാധകരെ ഏറെ ആകാംക്ഷയിലാക്കുന്നത്. 

ഇതിനുപുറമെ സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’.ബോബി- സഞ്ജയ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് നിർമിക്കുന്നത്. സിനിമയുടെ എഡ്യൂക്കേഷണൽ പാർട്ണർ XYLEM LEARNING APP ആണ്.

Read More: ജനമനസിൻ…ആസ്വാദകഹൃദയങ്ങൾ തൊട്ട് വൺ-ലെ ഗാനം

അതേസമയം, മമ്മൂട്ടി നായകനായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രമാണ് ദി പ്രീസ്റ്റ്. മിസ്റ്ററി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിൽ സെക്കൻഡ് ഷോ ആരംഭിച്ചപ്പോൾ റിലീസ് ചെയ്ത ചിത്രങ്ങളിൽ ശ്രദ്ധേയമാകുകയാണ് ദി പ്രീസ്റ്റ്.

Story highlights- one movie releasing today