കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രത്തിൽ അരവിന്ദ് സ്വാമിയും; ഗോവയിൽ ചിത്രീകരണം ആരംഭിച്ച് ‘ഒറ്റ്’
ഫെല്ലിനിയുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ഗോവയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കുഞ്ചാക്കോ ബോബനാണ് പൂജ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ഫെല്ലിനി, ഷാജി നടേശൻ (ഓഗസ്റ്റ് സിനിമാസ്), ആര്യ എന്നിവരുമായി ഒറ്റ് എന്ന ചിത്രത്തിനായി കൈകോർക്കുന്നു !!! ഇത് ഒരേ സമയം എന്റെ ആദ്യത്തെ തമിഴ് സിനിമയായ “രെൻഡാഗാം” കൂടിയാണ്. എക്കാലത്തെയും സ്റ്റൈലിഷ് താരം അരവിന്ദ് സ്വാമിയുമായി ഒന്നിക്കുകയുമാണ്. ഇന്ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കുന്നു ‘- കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.
രണ്ട് സുഹൃത്തുക്കളെയും അവരുടെ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുങ്ങുന്നത്. മംഗലാപുരത്തിനും മുംബൈയ്ക്കുമിടയിലാണ് കഥ നടക്കുന്നത്. റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ റീലീസ് ചെയ്യും. കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി ഒരുക്കുന്ന ‘നിഴൽ’ രചിച്ച എസ് സജീവ് ആണ് ചിത്രത്തിന്റെ തിരക്കഥ.
അതേസമയം, കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴൽ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ നാലിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ദേശീയ അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിൽ കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായ ജോൺ ബേബിയായാണ് എത്തുന്നത്. നയൻതാരയുടെ കാരക്ടർ പോസ്റ്റർ പങ്കുവെച്ചിരുന്നെങ്കിലും കഥാപാത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Story highlights- ottu movie shooting started