മരുഭൂമിയ്ക്ക് നടുവില്‍ മണല്‍ക്കല്ലുകൊണ്ട് നിര്‍മിച്ച വിദ്യാലയം
മരുഭൂമി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളുടെ ചിത്രങ്ങളായിരിയ്ക്കും പലരുടേയും മനസ്സില്‍ തെളിയുക. അതുകൊണ്ടുതന്നെ മരുഭൂമിയ്ക്ക് നടുവില്‍ ഒരു സ്കൂള്‍ എന്ന് കേള്‍ക്കുമ്പോഴും പലരും ഒരുപക്ഷെ നെറ്റി ചുളിച്ചേക്കാം. എന്നാല്‍ അങ്ങനെയൊരു സ്കൂളുണ്ട്. വെറും സ്കൂളല്ല കാഴ്ചയില്‍ വിസ്മയങ്ങളേറെയുള്ള മനോഹരമായ ഒരു സ്കൂള്‍. ജയ്സാല്‍മീറിന്റെ പ്രശസ്തമായ സാം ഡ്യൂണ്സിന് സമീപത്തായി കനോയ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
രാജ്കുമാരി രത്നാവതി എന്നാണ് ഈ സ്കൂളിന്റെ പേര്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ശാക്തീകരണവുമൊക്കെ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച രാജ്കുമാരി രത്നാവതി ഒരു ഗേള്‍സ് സ്കൂളാണ്. ചുറ്റുമുള്ള മരുഭൂമി തന്നെയാണ് സ്കൂളിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഇനി മരുഭൂമിയ്ക്ക് നടുവിലായതിനാല്‍ സ്കൂളില്‍ പൊള്ളുന്ന ചൂടാണെന്നാണ് കരുതുന്നതെങ്കില്‍ ആ ധാരണ തെറ്റാണ്. എയര്‍കണ്ടീഷന്‍ ഒന്നും ഇല്ലെങ്കിലും ചൂടിന്റേതായ അസ്വസ്ഥതകള്‍ ഒന്നും തന്നെയില്ല ഈ സ്കൂളില്‍. അതിനുകാരണം ഈ സ്കൂളിന്റെ വ്യത്യസ്തമായ വാസ്തുശൈലിയും നിര്‍മാണ രീതിയുമൊക്കെയാണ്.
Read more: അര്‍ബുദം ബാധിച്ചിട്ടും തളരാതെ മരങ്ങള്‍ നട്ട് ജീവിതത്തെ സുന്ദരമാക്കുന്ന യുവതി
ഓവല്‍ ആകൃതിയിലാണ് സ്കൂള്‍ നിര്‍മിച്ചിരിയ്ക്കുന്നത്. മരുഭൂമിയുടെ ഭൂപ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ ആകൃതി. മണ്ക്കല്ലുകളാണ് പ്രധാനമായും നിര്‍മിതിയ്ക്കായി ഉപയോഗിച്ചിരിയ്ക്കുന്നത്. ഇത് ചൂടിനെ ചെറുക്കാനും സഹായിക്കുന്നു. സിഐടിടിഎ എന്ന സംഘടനയുടെ സ്ഥാപകനായ മെക്കിള്‍ ഡൗബെയണ് ഈ സ്കൂള്‍ നിര്‍മാണത്തിന് പിന്നില്‍. ഏകദേശം പത്ത് വര്‍ഷക്കാലത്തോളം എടുത്തു സ്കൂളിന്റെ ആലോചനയും നിര്‍മാണവുമെല്ലാം പൂര്‍ത്തിയാകാന്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഡയാന കെല്ലോഗില്‍ ആണ് ഈ സ്കൂള്‍ രൂപകല്പന ചെയ്ത ആര്‍ക്കിടെക്ട്.
കിന്റര്ഗാര്ട്ടന് മുതല്‍ പത്താംക്ലാസ് വരെയുണ്ട് സ്കൂളില്‍. നാനൂറ് പെണ്‍കുട്ടികള്‍ക്ക് വരെ സ്കൂളില്‍ പഠിയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഇതിനൊപ്പം തന്നെ ടെക്സ്റ്റൈല്‍ മ്യൂസിയവും പെര്‍ഫോമന്‍സ് ഹാളുമുണ്ട്. കരകൗശലത്തില്‍ പ്രഗല്ഭരാണ് കനോയ് ഗ്രാമത്തിലെ കുറേയേറപ്പേര്. അതുകൊണ്ടുതന്നെ കരകൗശല വസ്തുക്കള്‍ വില്ക്കാന് ഒരു എക്സിബിഷന് ഇടവും സ്കൂളില്‍ സജ്ജമാക്കിയിരിയ്ക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനോടൊപ്പം സഞ്ചാരികളേയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ ആരംഭിച്ചത്. നിരവധി സഞ്ചാരികള്‍ സ്കൂള്‍ കാണാനായി ഇവിടെ എത്താറുമുണ്ട്. സ്കൂള്‍ കെട്ടിടത്തിന് മുകളിലായി സജ്ജമാക്കിയിരിയ്ക്കുന്ന സോളാര്‍ പാനല്‍ സിസ്റ്റമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. സ്കൂളിലേയ്ക്ക് ആവശ്യമായ എനര്‍ജി സോളാര്‍ പാനലില്‍ നിന്നും ലഭിയ്ക്കുന്നു. എന്തായാലും വിസ്മയക്കാഴ്ചകള്ക്കൂടിയാണ് ഈ വിദ്യാലയം.
Story highlights: Rajkumari Ratnavati Girls’ School