ദുൽഖർ സൽമാന്റെ ആദ്യ പോലീസ് വേഷം; ‘സല്യൂട്ട്’ ടീസർ ഏപ്രിൽ നാലിന്

March 31, 2021

ദുൽഖർ സൽമാൻ തന്റെ കരിയറിലെ ആദ്യ പോലീസ് വേഷം ചെയ്യുന്ന സല്യൂട്ടിന്റെ ടീസർ ഏപ്രിൽ നാലിന് എത്തും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ദുൽഖർ സൽമാൻ. “നിങ്ങൾ എല്ലാവരും ഇതിന് തയ്യാറാണോ? 5 ദിവസത്തിനുള്ളിൽ ടീസർ എത്തും ” എന്ന കുറിപ്പിനൊപ്പം ദുൽഖർ ആണ് ടീസർ റിലീസ് വിശേഷം പങ്കുവെച്ചത്.

ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത് ബോളിവുഡ് നടി ഡയാന പെന്റിയാണ്. ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. 

ചിത്രത്തിൽ ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിടുന്നുണ്ട്. ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേസമയം, ‘ഹൗ ഓൾഡ് ആർ യു?’ എന്ന ചിത്രത്തിലൂടെ ജനപ്രിയനായ റോഷൻ ആൻഡ്രൂസ് ആദ്യമായി ദുൽഖർ സൽമാനുമായി ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ പ്രതി പൂവൻകോഴിയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത അവസാന ചിത്രം.

Read More: സഹോദരന്മാർ ഒന്നിക്കുന്നു- സെൽവരാഘവന്റെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന ‘നാനെ വരുവേൻ..’

ദുൽഖർ സൽമാൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘കുറുപ്പ്’. കാജൽ അഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവർക്കൊപ്പം അഭിനയിക്കുന്ന ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Story highlights- salute teaser release date