‘ചെറുപ്പത്തിൽ തന്നെ സിനിമയിൽ വന്നതുകൊണ്ട് അഭിനയം ഒരു ഹോബിയായിരുന്നു’- ശ്രദ്ധനേടി 34 വർഷം പഴക്കമുള്ള ശോഭനയുടെ അഭിമുഖം
മലയാളികൾക്ക് എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന നടിയാണ് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ശോഭന പ്രസിദ്ധരായ ലളിത, പത്മിനി, രാഗിണി സഹോദരിമാരുടെ ഏക സഹോദര പുത്രിയായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്ക് പാത തുറന്നത്. സിനിമയിൽ എത്തിയ സമയം തൊട്ട് തന്നെ അഭിമുഖങ്ങളോട് താല്പര്യമില്ലാത്ത വ്യക്തിയാണ് ശോഭന. ലോക്ക് ഡൗൺ സമയത്താണ് സമൂഹമാധ്യമങ്ങളിലും ഏതാനും അഭിമുഖങ്ങളിലും നടി സജീവമായത്.
ഇപ്പോഴിതാ, 34 വര്ഷം പഴക്കമുള്ള ശോഭനയുടെ അഭിമുഖം ശ്രദ്ധനേടുകയാണ്. എ വി എം ഉണ്ണിയാണ് ശോഭനയുടെ അഭിമുഖം പകർത്തിയിരിക്കുന്നത്. വീഡിയോ കളക്ഷന് വേണ്ടി ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടോ എന്ന് എ വി എം ഉണ്ണി ചോദിക്കുമ്പോൾ മലയാളത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും ഇംഗ്ലീഷിൽ മറുപടി നൽകാം എന്നും ശോഭന പറയുന്നു.
വളരെ ചെറിയ പ്രായത്തിൽ എത്തിയതുകൊണ്ട് അഭിനയം തനിക്ക് ഒരു ഹോബി ആണ് എന്നാണ് ശോഭന പറയുന്നത്. മറ്റു ഭാഷകളെ അപേക്ഷിച്ച് എൺപതു ശതമാനം മലയാള സിനിമകളും മികച്ചതാണെന്നും അടൂർ ഗോപാലകൃഷ്ണൻ, ബാലു മഹേന്ദ്ര, ഭരതൻ തുടങ്ങിയവരെല്ലാം മികച്ച സംവിധായകർ ആണെന്നും ശോഭന പറയുന്നു.
മലയാള സിനിമയിലെ അതുല്യ കലാകാരിയാണ് ശോഭന. അഭിനയത്തേക്കാൾ ഉപരി നൃത്തം ജീവവായുവായി കാണുന്ന ശോഭന ലോക്ക് ഡൗൺ കാലത്ത് പങ്കുവെച്ചതെല്ലാം നർത്തന വിശേഷങ്ങളായിരുന്നു. നവരാത്രി സമയത്ത് നൃത്ത സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം നിരവധി ആശയങ്ങൾ ശോഭന പങ്കുവെച്ചു. യാത്ര വിശേഷങ്ങളും നൃത്തവേദികളെക്കുറിച്ചും എന്നും മനസിൽ നിറഞ്ഞു നിൽക്കുന്ന വേഷങ്ങളെക്കുറിച്ചുമെല്ലാം ശോഭന മനസ് തുറന്നു പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിലൂടെയാണ്.
Read More: അഭിനയമികവില്‍ വിസ്മയിപ്പിച്ച് കുഞ്ചാക്കോ ബോബനും നയന്‍താരയും; നിഗൂഢതകള്‍ നിറച്ച് നിഴല്‍ ട്രെയ്‌ലര്‍
ഇടവേളകളിൽ മാത്രം സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരം ഏറ്റവുമൊടുവിൽ വേഷമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. അതേസമയം, നൃത്ത പരിശീലനത്തിന്റെയും യാത്രകളുടെ പഴയ ഓർമ്മകളും നൃത്ത പരിപാടികളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ശോഭന ആരാധാകർക്കായി പങ്കുവയ്ക്കാറുണ്ട്.
Story highlights- shobhana’s 34 year old interview