മലയാളി ഹൃദയം കവർന്ന ലാലേട്ടൻ ചിരികൾ; സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ വിഡിയോ

Spectrum of Laughter Mohanlal video

മലയാളത്തിന്റെ പേര് ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച്ച ചലച്ചിത്രതാരമാണ് പത്മശ്രീ മോഹൻലാൽ. അതുകൊണ്ടുതന്നെ ലോകം മുഴുവനുമുണ്ട് ലാലേട്ടന് ആരാധകർ. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരത്തിന്റെ ചിരി നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. മോഹൻലാൽ അഭിനയിച്ച മുന്നോറോളം സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

അർജുൻ ശിവദാസ് എന്ന പ്രേക്ഷകനാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രസകരമായ ഈ വിഡിയോയ്ക്ക് പിന്നിൽ. മോഹൻലാൽ അഭിനയിച്ച തിരനോട്ടം മുതൽ അദ്ദേഹത്തിന്റേതായി ഇപ്പോൾ റിലീസിനൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വരെയുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ചിരികൾ വിഡിയോയിൽ കാണാം. സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ ഇതിനോടകം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

Read also:ഗ്ലാസ് കുമിളകൾ പോലെ തണുത്തുറഞ്ഞ ജലകണികകൾ; അത്ഭുത കാഴ്ചകൾ പേറി ബൈക്കൽ തടാകം

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് മോഹൻലാൽ. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, റാം തുടങ്ങിയ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ. മോഹൻലാൽ ആദ്യമായി സംവിധായക വേഷമണിയുന്ന ബറോസ് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മാർച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. പിന്നീട് കൊച്ചിയിലും ഷൂട്ടിംഗ് തുടരും. ത്രീഡി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.

Story Highlights:Spectrum of Laughter Mohanlal video