നിർഭാഗ്യം നിറഞ്ഞ നാലാം നമ്പർ; കൗതുകമായ ചില വിശ്വാസങ്ങൾ
കാലം മാറി. സാങ്കേതിക വിദ്യയും സൗകര്യങ്ങളും വർധിച്ചു. എന്നാൽ ഇന്നും രസകരമായ വിശ്വാസങ്ങളും ആചാരങ്ങളും തുടർന്നുപോകുന്ന ചില നാടുകളും നഗരങ്ങളും ഉണ്ട്. അത്തരത്തിൽ ഒരിടമാണ് അമിതമായ അന്ധവിശ്വാസം തുടർന്നുകൊണ്ടുപോകുന്ന ഹോങ്കോങ്ങിലെ ഒരു കൂട്ടം ജനത. ഇവിടുത്തുകാരുടെ ഏറ്റവും വലിയ വിശ്വാസങ്ങളിൽ ഒന്നാണ് സംഖ്യകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ.
വിനോദസഞ്ചാരികളുടെ ഇഷ്ടഇടമായി മാറിയ ഹോങ്കോങ്ങിലെ ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും ഏറെ കൗതുകം നിറഞ്ഞതാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം സംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ടതുതന്നെയാണ്. സംഖ്യാശാസ്ത്രത്തേക്കാൾ പേരുകേട്ടതായി ഇവിടെ മറ്റൊന്നുമില്ല എന്ന് തന്നെ പറയാം. ഇവിടുത്തുകാരുടെ വിശ്വാസ പ്രകാരം വളരെയേറെ നിർഭാഗ്യം നിറഞ്ഞ സംഖ്യയാണ് നാല്. അതിന് പ്രധാന കാരണം മാൻഡറിൻ, കന്റോണീസ്, ഭാഷകളിൽ ഈ വാക്കിന്റെ ഉച്ചാരണം ‘മരണം’ എന്ന വാക്കിന് സമാനമാണ്.
നാല് എന്ന നമ്പറിനെ നിർഭാഗ്യം നിറഞ്ഞ നമ്പറായി കാണുന്നതിനാൽ ഇവിടുത്തുകാർ നാലുമായി ബന്ധപ്പെട്ട സമ്മാനങ്ങൾ ഒന്നും തന്നെ ആർക്കും നൽകാറില്ല. പഴയ കെട്ടിടങ്ങളിൽ പോലും നാലാം നമ്പറുള്ള നിലകൾ ഇവിടുത്തുകാർ ഒഴിവാക്കിയിട്ടുണ്ട്. അതിന് പുറമെ ഫോൺ നമ്പറുകളിലും ഈ അക്കം വരാതെ ഇവർ ശ്രദ്ധിക്കാറുണ്ട്. അതിനൊപ്പം എട്ട്, ഒമ്പത് അക്കങ്ങൾ വളരെയധികം ഭാഗ്യം നിറഞ്ഞ നമ്പർ ആണെന്നും ഇവിടുത്തുകാർ വിശ്വസിക്കുന്നുണ്ട്. ഈ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ എട്ട് നിലകൾ ഉള്ള കെട്ടിടങ്ങൾക്ക് ഉയർന്ന വിലയും ഇവിടുത്തുകാർ ഈടാക്കാറുണ്ട്.
Story Highlights:traditional beliefs in hong kong