‘എഡിറ്റിങ് ടേബിളില്‍ വെച്ച് നിരവധി സിനിമകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, അവർ ആഘോഷിക്കപ്പെടേണ്ട സമയമാണിത്’- ശ്രദ്ധനേടി വിനീത് ശ്രീനിവാസന്റെ കുറിപ്പ്
ദേശീയ പുരസ്‌കാരം ലഭിച്ച സിനിമകൾക്കും സിനിമാപ്രവർത്തകർക്കും അഭിനന്ദനം അറിയിച്ച് ഒട്ടേറെ ആളുകൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇക്കൂട്ടത്തിൽ വേറിട്ട നിൽക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ വാക്കുകൾ. മികച്ച എഡിറ്റിങ്ങിനും മികച്ച തെലുങ്ക് ചിത്രത്തിനുമുള്ള പുരസ്കാരം സ്വന്തമാക്കിയ ജേഴ്‌സി എന്ന ചിത്രത്തിനെ കുറിച്ചാണ് വിനീതിന്റെ ഹൃദ്യമായ കുറിപ്പ്.
‘ദേശീയ അവാർഡ് ഫലങ്ങൾ കണ്ടപ്പോൾ, തെലുങ്ക് ചിത്രമായ ജേഴ്സി മികച്ച എഡിറ്ററിനും മികച്ച പ്രാദേശിക ചിത്രത്തിനുമുള്ള (തെലുങ്ക്) ദേശീയ അവാർഡ് നേടിയതിൽ ഞാൻ വളരെ സന്തുഷ്ടനായിരുന്നു ..ജേഴ്‌സി കാണുന്ന കാണുന്ന ദിനം വരെ നാഗേഷ് കുക്കുനൂറിന്റെ ഇക്ബാൽ ആയിരുന്നു ആയിരുന്നു എക്കാലത്തെയും മികച്ച ഇന്ത്യൻ കായിക ചിത്രം… ചിത്രം പരിധികളില്ലാതെ എഡിറ്റുചെയ്തു, അത് കവിത പോലെ ഒഴുകുന്നു ..
എഡിറ്റർമാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എഡിറ്റിങ് ടേബിളില്‍ വെച്ച് നിരവധി സിനിമകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പല സിനിമകളെയും രക്ഷിച്ചെടുക്കുന്നതും ഈ എഡിറ്റിങ് ടേബിളുകളിലാണ്… ശരാശരി സിനിമ ചെയ്താലും സംവിധായകന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എഡിറ്ററുടെ കാഴ്ചപ്പാടുകളാണ്. സിനിമയില്‍ നിരന്തരം സംഭവിക്കുന്ന കാര്യമാണത്. നമ്മുടെ എഡിറ്റര്‍മാരെ ആഘോഷിക്കേണ്ട സമയമാണിത്..’- വിനീതിന്റെ വാക്കുകൾ. നാനിയെ നായകനാക്കി ഗൗതം തിന്നനൂരി ഒരുക്കിയ ചിത്രമാണ് ജേഴ്‌സി.
Story highlights- vineeth sreenivasan about jersey movie