’17 വർഷം മുമ്പ്, ഈ ദിവസം ഞാൻ അവളോട് പ്രണയാഭ്യർത്ഥന നടത്തി’- ഹൃദ്യമായ കുറിപ്പുമായി വിനീത് ശ്രീനിവാസൻ
മാർച്ച് 31 വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യക്കും വളരെ പ്രിയപ്പെട്ടതാണ്. കോളേജിൽ ആരംഭിച്ച പ്രണയം പതിനേഴു വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇരുവരും. കോളേജിൽ വെച്ച് കണ്ടുമുട്ടി, പ്രണയിച്ചു, 2012 ൽ വിവാഹിതരായി, രണ്ടു കുട്ടികൾ ജനിച്ചു അങ്ങനെ വളരുകയാണ് ആ പ്രണയകഥ.. പ്രണയത്തിന്റെ പതിനേഴാം വാർഷികത്തിൽ ഭാര്യക്കായി വളരെ ഹൃദ്യമായ ഒരു കുറിപ്പാണു വിനീത് ശ്രീനിവാസൻ പങ്കുവെച്ചത്.
‘കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുട്ടികൾ ഉറങ്ങിയതിന് ശേഷം ഇരുട്ടിലിരുന്ന് ഏറ്റവും കുറഞ്ഞ ശബ്ദത്തിൽ ഞാനും ദിവ്യയും പരസ്പരം സംസാരിക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് മാത്രമായുള്ള ഒരേയൊരു സമയം അതാണ്.’ പതിനേഴു വർഷങ്ങളായി..ഭാഗ്യത്തിന് ഒന്നും മാറിയിട്ടില്ല, അല്ലെ?’ ഞാൻ ദിവ്യയോട് പറഞ്ഞു.അവൾ ഒരു നിമിഷം നിശബ്ദയായി. എന്നിട്ട് പറഞ്ഞു; ‘വളരെയധികം കാര്യങ്ങൾ മാറി. നിങ്ങളും ഞാനും മാറി. പക്ഷേ, നമുക്കുള്ളിലെ ഫീലിംഗ്സ് മാത്രം മാറിയില്ല’ . ഞങ്ങൾ പുഞ്ചിരിച്ചു. 17 വർഷം മുമ്പ്, ഈ ദിവസം ഞാൻ അവളോട് പ്രണയാഭ്യർത്ഥന നടത്തി, അവളത് സ്വീകരിച്ചു. കണ്ണടച്ച് തുറക്കുമ്പോൾ 17 വർഷം പറന്നുപോയി.. ‘- വിനീത് ശ്രീനിവാസന്റെ കുറിപ്പ് .
Read More: റിലീസിന് ഒരുങ്ങി ‘നായാട്ട്’; ഹിറ്റ് ലിസ്റ്റിൽ ഇടംനേടി ത്രസിപ്പിക്കുന്ന ട്രെയ്‌ലർ
നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിനീതിന്റെ ഭാര്യ ദിവ്യയും ഗായികയാണ്. കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.
Story highlights- vineeth sreenivasan about wife divya