‘ഐ ലവ് യു ആശാനേ..’- ‘അനുഗ്രഹീതൻ ആന്റണി’യുടെ വിജയം ദുൽഖറിനൊപ്പം ആഘോഷിച്ച് സണ്ണി വെയ്ൻ

April 7, 2021

മികച്ച പ്രതികരണം നേടി അനുഗ്രഹീതൻ ആന്റണി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തിയേറ്ററുകൾക്ക് മുന്നിൽ ഹൗസ്ഫുൾ ബോർഡുകൾ ഉയരുമ്പോൾ ഒരു ടീമിന്റെ വിജയം എന്നതിലുപരി സണ്ണി വെയ്ൻ എന്ന നടന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. സെക്കൻഡ് ഷോ വന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിൽ ആരംഭിച്ച യാത്ര ആന്റണിയിൽ എത്തി നിൽക്കുമ്പോൾ തികച്ചും അനുഗ്രഹീതനാണ് സണ്ണി വെയ്ൻ എന്ന് നിസംശയം പറയാം. കാരണം അത്രയ്ക്ക് ആഴത്തിൽ കുടുംബ പ്രേക്ഷകരിലേക്ക് ചിത്രം കയറിക്കൂടി.

സണ്ണിയ്ക്ക് ഒപ്പമായിരുന്നു ദുൽഖർ സൽമാനും സിനിമയിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ച് യാത്ര തുടങ്ങിയെന്നതുപോലെ അടുത്ത സുഹൃത്തുക്കളുമാണ്. സണ്ണി വെയ്‌ന്റെ ഉയർച്ചയിൽ ദുൽഖർ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അനുഗ്രഹീതൻ ആന്റണിയുടെ വിജയം സണ്ണി വെയ്ൻ ആഘോഷിച്ചത് ദുൽഖർ സൽമാന് ഒപ്പമാണ്.

‘എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്…ഐ ലവ് യു ആശാനേ..’ എന്ന കുറിപ്പിനൊപ്പമാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ സണ്ണി പങ്കുവെച്ചത്.

സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണി എന്ന കഥാപാത്രവും ആന്റണിയുടെ അച്ഛനായെത്തുന്ന സിദ്ദിഖും അദ്ദേഹം വളർത്തുന്ന രണ്ടു നായകളുമാണ് അനുഗ്രഹീതൻ ആന്റണിയിലെ പ്രധാന കഥാപാത്രങ്ങൾ. 96ലൂടെ ശ്രദ്ധേയയായ ഗൗരി ജി കിഷനാണ് നായികയായി എത്തുന്നത്.

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. എം ഷിജിത്താണ് നിർമ്മാതാവ്. ജിഷ്ണു എസ് രമേശിന്റേയും, അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. അരുൺ മുരളീധരൻ സംഗീതവും ഒരുക്കിയിരിക്കുന്നു. സെൽവകുമാർ എസ് ആണ് സിനിമാറ്റോഗ്രാഫർ. അപ്പു ഭട്ടതിരി ആണ് ചിത്രത്തിന്റെ എഡിറ്റർ. 

Read More: ഓട്ടത്തിനൊരുങ്ങി വേട്ടക്കാർ; ‘നായാട്ട്’ നാളെമുതൽ തിയേറ്ററുകളിലേക്ക്

ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. അരുൺ വെഞ്ഞാറമൂട് ആർട്ട്‌ ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. 

Story Highlights- anugraheethan antony success celebration with dulquer salman