‘അനുഗ്രഹീതൻ ആന്റണി’ക്ക് ടിക്കറ്റ് ലഭിച്ചില്ലെന്ന് ഷെഫ് സുരേഷ് പിള്ള; ഹൗസ്ഫുൾ പ്രദർശനം തുടർന്ന് ചിത്രം

ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി എന്ന കഥാപാത്രത്തിൽ സണ്ണി വെയ്ൻ എത്തുമ്പോൾ സഞ്ജനയായി ഗൗരി കിഷൻ വേഷമിടുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധവും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവുമെല്ലാം ചർച്ചയാകുന്നു ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ചുദിനം പിന്നിടുമ്പോഴും ഹൗസ്ഫുള്ളാണ് പ്രദർശനം.
ഒട്ടേറെ സിനിമാപ്രേമികൾ ടിക്കറ്റ് ലഭിക്കാനില്ല എന്ന സങ്കടം പങ്കുവയ്ക്കുമ്പോൾ ലോക പ്രശസ്ത പാചകവിദഗ്ധൻ ഷെഫ് സുരേഷ് പിള്ള പങ്കുവെച്ച കമന്റ് ശ്രദ്ധനേടുകയാണ്. ചിത്രം കാണാൻ പോയി എന്നും ഹൗസ്ഫുൾ ആയതുകൊണ്ട് ടിക്കറ്റ് ലഭിച്ചില്ലെന്നും സുരേഷ് പിള്ള സണ്ണി വെയ്ന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ്റ് ചെയ്യുന്നു.
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.
Read More: ‘മൊബൈല് ഫോണിന്റെ ചെറിയ സ്ക്രീനിൽ അവരുടെ ബാല്യം ഒതുങ്ങാൻ പാടില്ല’- മുന്നറിയിപ്പ് നൽകി കേരള പോലീസ്
ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.
Story highlights- anugraheethan antony theatre report