കൊവിഡ് ഭീതി ചിത്രം വരച്ച് പങ്കുവെച്ച് അനുപമ പരമേശ്വരൻ- കൈയടിയോടെ സിനിമാലോകം
കൊറോണ വൈറസിന്റെ രണ്ടാം തരംഗവും ഇന്ത്യയിൽ വർധിച്ചുവരുന്ന കേസുകളും രാജ്യത്തെയാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നിർഭാഗ്യകരമായ ഈ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്ക നടി അനുപമ പരമേശ്വരൻ ഒരു ചിത്രത്തിലൂടെ പങ്കുവയ്ക്കുകയാണ്. ഇപ്പോഴുള്ള പ്രതിസന്ധിയുടെ വളരെ വ്യക്തമായ അവസ്ഥയാണ് അനുപമ പേപ്പറിലേക്ക് പകർത്തിയിരിക്കുന്നത്. അഭിനേത്രി എന്നതിനൊപ്പം നല്ലൊരു ചിത്രകാരിയും കൂടിയാണ് അനുപമ എന്ന് തെളിയിച്ചിരിക്കുകയാണ്. അതിലുപരി ചിത്രത്തിന്റെ ആശയമാണ് ആരാധകരെ ഏറെ ആകർഷിച്ചത്.
ഡൽഹി സർക്കാർ ആശുപത്രിയിലെ ഡോ. സാന്ദ്ര സെബാസ്റ്റ്യന്റെ ഒരു വിഡിയോയാണ് അനുപമയുടെ ചിത്രത്തിന് പിന്നിലെ പ്രചോദനം. കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ നേരിടുന്ന മാനസികവും വൈകാരികവുമായ വെല്ലുവിളികളെക്കുറിച്ച് വിഡിയോയിൽ ഡോക്ടർ പങ്കുവെച്ചിരുന്നു. ഹൃദയസ്പർശിയായ ആ അനുഭവമാണ് അനുപമ ചിത്രമാക്കിയത്.
Read More: 15 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ബൈക്ക് റൈഡ് നടത്തി മംമ്ത- വിഡിയോ
‘ഒരു മികച്ച കലാകാരിയല്ല … പക്ഷെ ഞാൻ എത്ര ആശങ്കയിലാണെന്നു പ്രകടിപ്പിക്കേണ്ടതുണ്ട്…. നമ്മുടെ രാജ്യത്ത് മാത്രം 1 മുതൽ 17625735 വരെ രോഗികൾ … ഇതാണ് യഥാർത്ഥ ആളുകൾ’- ചിത്രത്തിനൊപ്പം അനുപമ കുറിക്കുന്നു. അതേസമയം, അനുപമ പരമേശ്വരന്റെ അവസാന മലയാള സിനിമ ഒ.ടി.ടി റിലീസായ ‘മണിയറയിലെ അശോകൻ’ ആയിരുന്നു. ഈ ചിത്രത്തിൽ സഹസംവിധായികയായും അനുപമ പ്രവർത്തിച്ചു. ഇനി ഒട്ടേറെ തമിഴ്, കന്നഡ ചിത്രങ്ങളാണ് അനുപമ നായികയായി റിലീസിന് തയ്യാറെടുക്കുന്നത്.
Story highlights- Anupama Parameswaran’s sketch on the pandemic