അതിഗംഭീരം; മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമായി ചതുര്‍മുഖം കൈയടി നേടുന്നു- റിവ്യൂ
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചതുര്‍മുഖം എന്ന ചിത്രം. ഒറ്റ വാക്കില്‍ അതിഗംഭീരം എന്നല്ലാതെ ഈ സിനിമയെ വിശേഷിപ്പാക്കാന്‍ വേറെ വാക്കുകള്‍ മതിയായെന്ന് വരില്ല. കഥയിലും കഥാപാത്രങ്ങളിലും ദൃശ്യമികവിലുമെല്ലാം ചതുര്‍മുഖം എന്ന ചിത്രം അതിഗംഭീരമായി തന്നെ നിലകൊള്ളുന്നു. മികച്ച ഒരു ഹൊറര്‍ ചിത്രമായി എത്തിയ ചതുര്‍മുഖം തികച്ചും വ്യത്യസ്തമായ ഒരു ആസ്വാദന അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതും.
മലയാള സിനിമാ ആസ്വാദകര്‍ക്ക് അത്ര പരിചിതമല്ലാത്ത ടെക്നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രം എന്നത് പരിചിതമാണെങ്കിലും ടെക്നോ ഹൊറര്‍ എന്നത് പലര്‍ക്കും അത്ര സുപരിചിതമല്ല. ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗം എന്ന് ടെക്നോ ഹൊററിനെ വിശേഷിപ്പിയ്ക്കാം. കാഴ്ചക്കാരില്‍ ഭീതി ജനിപ്പിയ്ക്കാന്‍ ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും എല്ലാം ഉപയോഗപ്പെടുത്തുന്നു ടെക്നോ ഹൊറര്‍ ചിത്രങ്ങളില്‍. സയന്‍സ് ഫിക്ഷനും ഫാന്റസിയുമൊക്കെ ഇത്തരം ചിത്രങ്ങളുടെ ഭാഗമാകാറുണ്ട്.
ഒരു പ്രത്യേക ഊര്‍ജതരംഗം മറ്റൊരു രൂപത്തിലായി മാറുകയാണ് ചതുര്‍മുഖം എന്ന ചിത്രത്തില്‍. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ നാലാമത്തെ മുഖമായി മാറുന്നു നമുക്ക് കണ്മുന്പില് കാണാന്‍ സാധിക്കാത്ത ആ ഊര്‍ജതരംഗം. ഒരു പക്ഷെ നാം എപ്പോഴും ഉപയോഗിക്കുന്ന ഒരു വസ്തുവില്‍ നിന്നും നെഗറ്റീവായി പ്രവഹിക്കുന്ന ഊര്‍ജം നമ്മുടെ ജീവന് പോലും കവര്‍ന്നെടുത്തേക്കാം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം.
മഞ്ജു വാര്യരും സണ്ണി വെയ്നും അലന്‍സിയറുമാണ് ചതുര്‍മുഖത്തിലെ മറ്റ് പ്രധാന മുഖങ്ങളായി എത്തുന്നത്. അഭിനയമികവില്‍ അതിശയിപ്പിക്കുകയാണ് താരങ്ങള്‍. മഞ്ജു വാര്യര്‍ അനശ്വരമാക്കിയ തേജസ്വിനി എന്ന കഥാപാത്രം ഒരു പക്ഷെ നമ്മുടെയൊക്കെ അരികിലുള്ള ആരെങ്കിലുമോ അല്ലെങ്കില്‍ നമ്മള് തന്നെയോ ആണെന്ന് തോന്നിപ്പോകും. കാരണം ആധുനിക കാലഘട്ടത്തിന്റെ ചില നേര് സാക്ഷ്യങ്ങള്‍ അതേപടി പ്രതിഫലിക്കുന്നുണ്ട് ഈ കഥാപാത്രത്തില്‍. തേജസ്വിനിയുടെ ജീവിതത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. പ്രേക്ഷകരെ ഒട്ടും ബോറഡിപ്പിക്കാതെ ഒരു രംഗത്തില്‍ നിന്നും മറ്റൊരു രംഗത്തിലേക്ക് ചിത്രം സഞ്ചരിക്കുന്നു. ഭീതിയും നിഗൂഢതയും നിറച്ചുകൊണ്ട്.
Read more: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍
രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. സംവിധാന മികവും എടുത്തു പറയേണ്ടതാണ്. മലയാള സിനിമയ്ക്ക് അന്യമായിരുന്ന ഒരു കാഴ്ചാനുഭവമാണ് സംവിധായകര്‍ സമ്മാനിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം. ഇരുവരുടേയും ആദ്യ സംവിധാന സംരംഭംകൂടിയാണ് ചതുര്‍മുഖം. കെട്ടുറപ്പുള്ള തിരക്കഥയും ചിത്രത്തിന് മാറ്റുകൂട്ടുന്നു. അഭയകുമാറും അനില്‍ കുര്യനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്.
കൈയടി നേടുന്ന മറ്റൊന്നാണ് ചതുര്‍മുഖത്തിലെ സംഗീതം. ഡോണ്‍ വിന്‍സെന്റിന്റെ സംഗീതം മലയാള ചലച്ചിത്ര ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്നു. പ്രത്യേകിച്ച് സിനിമയ്ക്ക് വേണ്ടിയൊരുക്കിയ ആ സ്പെഷ്യല്‍ മൊബൈല്‍ സംഗീതം. ചിത്രം കണ്ട് തിയേറ്ററുകള്‍ വിട്ടിറങ്ങുമ്പോഴും ഓരോ രംഗത്തേയും ഓര്‍മപ്പെടുത്തിക്കൊണ്ട് ആ റിങ്ടോണ്‍ പ്രേക്ഷകരെ പിന്തുടരുന്നു. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. തിയേറ്ററുകളില്‍ അതിഗംഭീരമായ ഒരു കാഴ്ചാനുഭവമാണ് ചതുര്‍മുഖം.
Story highlights: Chathur Mukham Movie Review