ഇത് പ്രണയത്തിന്റെ, ചിരിയുടെ, ചിന്തയുടെ ‘മഹാറാണി’

November 24, 2023

റാണിയെ തേടിയുള്ള യാത്ര; അത് ഒരു വീട്ടിലും നാട്ടിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, നർമത്തിൽ ചാലിച്ച് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ മാർത്താണ്ഡൻ ഒരുക്കിയ ചിത്രം ‘മഹാറാണി’ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കി മുന്നേറുന്നു. മലയാളത്തിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയനായ റോഷനും ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്ന സഹോദരങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവികാസങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. സിനിമയിലുടനീളം അടുത്തതെന്ത് സംഭവിക്കും എന്ന ആകാംഷ നിലനിർത്തുന്ന ചിത്രം. ചിരിയിലൂടെ നമ്മെ ചിന്തിപ്പിക്കുന്നുമുണ്ട്. കൂട്ടുകാരെപ്പോലെ ജീവിക്കുന്ന, ആഘോഷിക്കുന്ന, അച്ഛനെ അണ്ണനെന്ന് വിളിക്കുന്ന മക്കളും അച്ഛനും പ്രേക്ഷകരുടെ കൂടെ കൂടുന്നുണ്ട്.

ചിത്രം പ്രണയത്തെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ പ്രതികാരം, രാഷ്ട്രീയം, മതം, സ്ത്രീ സ്വാതന്ത്രം തുടങ്ങിയ വിഷയങ്ങളും സിനിമയിൽ ചർച്ചയാകുന്നുണ്ട്. ഒറ്റ തവണ കണ്ടാസ്വദിക്കാവുന്ന സിനിമ അല്ല മഹാറാണി. പലതവണ കണ്ട് ചർച്ചയാക്കേണ്ട സിനിമ തന്നെയാണ്. യഥാർത്ഥ ജീവിതത്തിൽ നാം കാണുന്ന പലരും സിനിമയിലൂടെ നമ്മുടെ മുന്നിലെത്തുന്നതുപോലെയുള്ള തോന്നലുണ്ടാക്കുന്നുണ്ട്. ഈ മഹാറാണിയിൽ
ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരങ്ങളുടെ മികവാർന്ന അഭിനയമാണ് സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഒരു മുഴുനീള കോമഡി റോൾ ആദ്യമായി കൈകാര്യം ചെയ്യുന്ന റോഷൻ തനിക്ക് വഴങ്ങുന്ന മേഖല തന്നെയാണ് കോമഡിയെന്ന് ഉറപ്പിക്കുകയാണ് ചിത്രത്തിലൂടെ. റോഷന് പുറമെ ഷൈൻ ടോം , ഹരിശ്രീ അശോകൻ , ജോണി ആന്റണി, ബാലു വർഗീസ് , ജാഫർ ഇടുക്കി, നിഷ സാരംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Read also: ഹെലികോപ്റ്ററുകളെ ആകർഷിക്കാൻ ശേഷിയുള്ള ഭീമൻ ഗർത്തം: ഉള്ളിൽ നിറയെ വിലപ്പെട്ട വജ്രങ്ങൾ

പാവാട, ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാർത്താണ്ഡൻ ഈ സിനിമയിലൂടെ വീണ്ടും ഒരുഹിറ്റ് സിനിമയുടെ കൂടി സംവിധായകനായെന്ന് ഉറപ്പിക്കാം. ഇഷ്ക്, പുള്ളിക്കാരൻ സ്റ്റാറാ, അടി എന്നീ ചിത്രങ്ങൾ രചിച്ച രതീഷ് രവിയുടേതാണ് മഹാറാണിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ. ഗോവിന്ദ് വസന്തയെന്ന മലയാളികളുടെ ഹൃദയത്തിൽ കയറിയ മ്യൂസിക് ഡയറക്ടറാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് ചിരിയും ചിന്തയും സമ്മാനിക്കുന്ന മഹാറാണിയ്ക്ക് ചിരി ഉറപ്പിച്ച് ടിക്കറ്റെടുക്കാം.

Story highlights- maharani movie review