വിഷുദിനത്തിൽ ജി സി സി റിലീസിനൊരുങ്ങി ‘ ചതുർ മുഖം’

April 13, 2021

മലയാള സിനിമാപ്രേക്ഷകരുടെ മനസ് കവർന്ന പ്രദർശനം തുടരുകയാണ്. മഞ്ജു വാര്യർ നായികയാകുന്ന ടെക്‌നോ ഹൊറർ ചിത്രത്തിൽ സണ്ണി വെയ്ൻ, അലൻസിയർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം, ചിത്രം വിഷു ദിനമായ ഏപ്രിൽ പതിനാലു മുതൽ ജി സി സി റിലീസിനും ഒരുങ്ങുകയാണ്. യുഎഇയിലും ജി സി സിയിലുമായി റിലീസ് ചെയ്യുന്നതായി മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഗൾഫ് മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചതുർ മുഖം റിലീസിനായി. കാരണം, മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഒരുക്കിയിരിക്കുന്ന ഹൊറർ ത്രില്ലറാണ് ചതുർ മുഖം. കോഹിനൂര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സലില്‍.വിയുടെയും, രഞ്ജിത് കമല ശങ്കറിന്റെയും ആദ്യ സംവിധാന സംരംഭമാണ് ‘ചതുര്‍ മുഖം’.

നമ്മളെല്ലാവരും ജീവിക്കുന്ന ചുറ്റുപാടുകളില്‍, ദിനംപ്രതി ജീവിതത്തില്‍ വലിയൊരു സാന്നിധ്യവും, സ്വാധീനവും ഇന്ന് ടെക്നോളജിക്കുണ്ട്. അതിന്റെ വെല്ലുവിളികളെ ഹോളിവുഡ് രീതിയിൽ അവതരിപ്പിക്കുകയാണ് ചതുർ മുഖത്തിൽ. തേജസ്വിനി എന്ന മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹമാധ്യമങ്ങളിൽ അമിതമായി സജീവമാണ്. പൊതുവേ ആ കഥാപാത്രം സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലർക്കും തോന്നാം. ഒരു ഫോണ്‍ സൃഷ്ടിക്കുന്ന ഭീതി നിറഞ്ഞ സന്ദര്‍ഭങ്ങളുടെ ഘോഷയാത്രയാണ് ഈ സിനിമ.

Read More: സത്യൻ അന്തിക്കാട് ചിത്രത്തിൽ നായകനായി ജയറാം- ഇടവേളയ്ക്ക് ശേഷം നായികയായി മീര ജാസ്മിൻ

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Story highlights- CHATHURMUKHAM IN GCC FROM TOMORROW