അഭിനയമികവില്‍ മഞ്ജു വാര്യര്‍; ഭയം നിറച്ച് ‘ചതുര്‍മുഖം’ ടീസര്‍

ChathurMukham latest teaser

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന ചലച്ചിത്ര താരമാണ് മഞ്ജു വാര്യര്‍. അഭിനയ മികവുകൊണ്ട് വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ് ചതുര്‍മുഖം എന്ന പുതിയ ചിത്രത്തിലൂടെ താരം. സണ്ണി വെയ്‌നും അലന്‍സിയറും ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നാളെ (ഏപ്രില്‍ 8) മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ടീസറും ശ്രദ്ധ നേടുന്നുണ്ട് ചലച്ചിത്രലോകത്ത്. ഭയം നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം കൂടിയാണ് ചതുര്‍മുഖം. ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗം എന്ന് ടെക്‌നോ ഹൊററിനെ വിശേഷിപ്പിയ്ക്കാം. കാഴ്ചക്കാരില്‍ ഭീതി ജനിപ്പിയ്ക്കാന്‍ ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും എല്ലാം ഉപയോഗപ്പെടുത്തുന്നു ടെക്‌നോ ഹൊറര്‍ ചിത്രങ്ങളില്‍. സയന്‍സ് ഫിക്ഷനും ഫാന്റസിയുമൊക്കെ ഇത്തരം ചിത്രങ്ങളുടെ ഭാഗമാകാറുണ്ട്.

ചതുര്‍മുഖത്തില്‍ മൊബൈല്‍ ഫോണിനും പ്രത്യേക സ്ഥാനമുണ്ട്. ചിത്രത്തിനു വേണ്ടി പ്രത്യേകമായി ഒരുക്കിയ മൊബൈല്‍ മ്യൂസിക്കും ഇതിനോടകംതന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു.

Story highlights: ChathurMukham latest teaser