പ്രേക്ഷക മനസ്സിൽ ഇടം നേടി “ചതുർമുഖം”; മലയാള സിനിമ കാത്തിരുന്ന ഹൊറർ പടം
മലയാള സിനിമയ്ക്ക് മികച്ച ഹൊറർ പടമെന്ന് അവകാശപെടാവുന്ന ചിത്രം. അങ്ങനെയാണ് സിനിമ പ്രേക്ഷകർ ചതുർമുഖത്തെ വിശേഷിപ്പിക്കുന്നത്. മലയാള സിനിമയിലെ ഹൊറർ പടങ്ങളോട് മലയാളികൾക്ക് താല്പര്യം കുറവാണെന്നാണ് പൊതുവെ പറയാറ്. അന്യഭാഷ ചിത്രങ്ങളാണ് ഇതിൽ പടങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രേക്ഷകനെ ചിത്രത്തിൽ മാത്രം പിടിച്ചിരുത്തുന്ന ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ടെക്നോ ഹൊറർ പടം.
മഞ്ജു വാര്യരും സണ്ണി വെയ്നും അലൻസിയറും അഭിനയിച്ച് തകർത്തെന്നാണ് പ്രേക്ഷക പക്ഷം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ നാലാമതൊരു മുഖം. അതാണ് ചിത്രത്തിന്റെ കഥാതന്തു. പുതുമുഖ സംവിധായകരായ സലിൽ വി, രഞ്ജിത്ത് കമൽ ശങ്കർ എന്നിവരാണ് മലയാള സിനിമയ്ക്ക് ഇങ്ങനൊരു പുതു കാഴ്ച സമ്മാനിച്ചത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഭയ കുമാറും അനിൽ കുര്യനുമാണ്. മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് ടോംസും ജസ്റ്റിൻ തോമസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ശക്തരായ അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ കൂടെ ആയപ്പോൾ സിനിമ പ്രേക്ഷകന് സമ്മാനിച്ചത് മലയാള സിനിമ കാത്തിരുന്ന ഹൊറർ ചിത്രത്തെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ തേജസ്വിനിയായി വേഷമിട്ടത് മഞ്ജു വാര്യരും ആന്റണിയായി സണ്ണി വെയ്നും ക്ലെമെന്റ് ആയി അലന്സിയരും എത്തുന്നു. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ശൈലിയെ വിജയകരമായി മലയാള സിനിമയ്ക്ക് പരിചയപെടുത്തുന്നതിൽ അണിയറ പ്രവർത്തകരും അഭിനേതാക്കളും വിജയിച്ചു എന്ന് തന്നെ പറയാം.