‘ജോജിയിലെ ഫഹദ് ഫാസില്‍ ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു’ അഭിനന്ദിച്ച് സംവിധായകന് ഭദ്രന്
ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധായകന്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. അതിഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ചവയ്ക്കുന്നത്. ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ, പിഎന്‍ സണ്ണി, ജോജി മുണ്ടക്കയം തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തി. ശ്രദ്ധ നേടുകയാണ് ജോജിയെ പ്രശംസിച്ചുകൊണ്ട് സംവിധായകന് ഭദ്രന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ്.
കുറിപ്പ് ഇങ്ങനെ
ജോജി കാണാന്‍ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങള്‍ കേള്‍ക്കട്ടെ എന്ന്. മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരില്‍ പലരും ‘ഓഹ്’ ‘One time watch’ ‘ഒരു തട്ടിക്കൂട്ട് കഥ’ ‘പക്കാ സൂഡോ’…സത്യം പറയട്ടെ, എന്റെ പറമ്പിലെ കുത്തുകല്ലുങ്കല്‍ പ്ലാവിലെ തേന്‍ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി.
വളരെ സത്യസന്ധമായ കഥ. വേണമെങ്കില്‍ ഞങ്ങള്‍ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്നേഹ പ്രദര്‍ശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം.
ശ്യാം പുഷ്കര്‍ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകള്‍ മഷിയില്‍ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ ‘ഒരു നല്ല സിനിമ’. അതി മനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിര്‍ത്തി പോത്തന്. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും.
ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിന് ഒപ്പം ഉണ്ടായിരുന്ന ആ ‘ബെര്‍മൂഡ’ രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി.
ഒരു കണ്ടി തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന ‘തൊരപ്പന് ബാസ്റ്റിന്’ നിര്‍ജീവമായ ശരീരത്തിലെ കണ്ണുകള്‍ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂര്‍ത്തങ്ങളില്‍ അലയടിച്ച വയലിന്റെ ചില സിംഫണികള്‍ക്ക് കേള്‍ക്കാത്ത ശബ്ദ മാധുരിമ തോന്നി. ഉമ്മറത്തു കുത്തി പൂത്തു നില്ക്കുന്ന പാരിജാതത്തിന്റെ ഒരു പൂച്ചെണ്ട്..
Story highlights: Director Bhadran about Joji movie