രാജ്യത്ത് വിട്ടൊഴിയാതെ കൊവിഡ് ഭീതി; തുടര്‍ച്ചയായി നാലാം ദിനവും ഒരു ലക്ഷത്തിലേറെ പുതിയ കേസുകള്‍

April 9, 2021
new Covid cases

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഒറ്റ ദിവസംകൊണ്ട് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നതും. അതേസമയം തുടര്‍ച്ചയായി നാലാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.

1,30,60,542 പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 780 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണനിരക്ക് 1,67,642 ആയി. 9,79,608 സജീവ കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് വിവിധ സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഇന്നലെ മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊലീസ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

Story highlights: India reports more than one lakh new Covid cases