‘ജോസഫി’ന് ശേഷം ത്രില്ലറുമായി എം പത്മകുമാർ; വേഷമിടുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും

April 23, 2021

ഇന്ദ്രജിത്ത് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ജോസഫിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ദ്രജിത്തിനും സുരാജ് വെഞ്ഞാറമൂടിനും പുറമെ സ്വാസിക വിജയ്, അതിഥി രവി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ ചിത്രം ഒരുങ്ങുന്നത്. കട്ടപ്പനയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ജോസഫിൽ സംഗീതം പകർന്ന രഞ്ജിൻ രാജ് പുതിയ ചിത്രത്തിലൂടെ എം പത്മകുമാറിനൊപ്പം വീണ്ടും ഒന്നിക്കുകയാണ്. രതീഷ് റാം ഛായാഗ്രാഹകനും ഷമീർ എഡിറ്ററുമാണ്. ആക്ഷൻ കൊറിയോഗ്രഫി വിഭാഗം മാഫിയ ശശിയാണ് നിർവഹിക്കുന്നത്.

Read More: ‘മലര്‍ക്കൊടി പോലെ…’ മനോഹരമായ പാട്ടുകള്‍; പിറന്നാള്‍ നിറവില്‍ നാദവിസ്മയം എസ് ജാനകിയമ്മ

അതേസമയം, ഇന്ദ്രജിത്ത് സുകുമാരൻ വേഷമിടുന്ന മറ്റൊരു പുതിയ ചിത്രം വിജയ് ബാബുവാണ് നിർമിക്കുന്നത്. ശ്രീകാന്ത് മുരളിയാണ് സംവിധാനം. ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മന എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂട് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

Story highlights- Indrajith and Suraj to team up for a thriller