ഈ സാഹചര്യം ഫഹദ് ഫാസിൽ എങ്ങനെ അതിജീവിക്കും?- ചോദ്യമുയർത്തി ‘ജോജി’ വിഡിയോ
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ലോക്ക് ഡൗൺ സമയത്ത് ചിത്രീകരിച്ച ജോജി ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ, റിലീസിന് മുന്നോടിയായി ‘ദി സ്ട്രഗിൾ ഈസ് റിയൽ’ എന്ന പേരിൽ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈം ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അതിനെത്തുടർന്നുള്ള സംസാരങ്ങളുമാണ് ഈ വിഡിയോയിൽ ഉള്ളത്. ടൂറിസം മേഖല പ്രതിസന്ധിയിലാണെന്നും അതിനു ശേഷം പണമെല്ലാം തിരികെ നല്കാമെന്നുമൊക്കെ ജോജിയായി എത്തുന്ന ഫഹദ് ഫാസിൽ അച്ഛൻ കഥാപാത്രത്തോട് പറയുന്നതാണ് വിഡിയോയിൽ ഉള്ളത്. ഫഹദ് ഫാസിൽ ഈ സാഹചര്യം എങ്ങനെ അതിജീവിക്കും എന്നതാണ് വിഡിയോയിലൂടെ പ്രേക്ഷകരോട് അണിയറപ്രവർത്തകർ ചോദിക്കുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ,ശ്യാം പുഷ്കരൻ,ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Story highlights- joji short video