പ്രണയഭാവങ്ങളില്‍ നിറഞ്ഞ് ധനുഷും രജിഷ വിജയനും: ശ്രദ്ധ നേടി കര്‍ണനില്‍ ധനുഷ് ആലപിച്ച ഗാനം

April 28, 2021
Karnan Thattaan Thattaan Video Song

അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും കൈയടി നേടുന്ന താരമാണ് ധനുഷ്. ശ്രദ്ധ നേടുന്നതും ധനുഷ് ആലപിച്ച ഗാനമാണ്. കര്‍ണന്‍ എന്ന ചിത്രത്തിനു വേണ്ടി ധനുഷ് ആലപിച്ച ‘തട്ടാന്‍ തട്ടാന്‍…’ എന്ന ഗാനത്തിന് ഇതിനോടകംതന്നെ സംഗീതാസ്വാദകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

സന്തോഷ് നാരായണനാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നത്. യുഗഭാരതിയുടേതാണ് വരികള്‍. ധനുഷിനൊപ്പം മീനാക്ഷി ഇളയരാജയും പാട്ടില്‍ ചേരുന്നുണ്ട്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ ഗാനം. അതേസമയം മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുകൂടിയുണ്ട് കര്‍ണന്‍ എന്ന ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് സിനിമയില്‍ ധനുഷിന്റെ നായികയായെത്തുന്നത്. ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ധനുഷും രജിഷ വിജയനുമാണ് ഈ ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നതും.

Read more: ‘വല്ലതും കഴിച്ചാരുന്നോ’; കരുതലിന്റെ ചോദ്യവുമായെത്തിയ ആ വൈറല്‍ സൈനികന്‍ ദാ ഇവിടെയുണ്ട്

മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം നിര്‍വഹിച്ച ചിത്രം എന്ന പ്രത്യേകതയും കര്‍ണന്‍ എന്ന സിനിമയ്ക്കുണ്ട്. രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണ് കര്‍ണന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Karnan Thattaan Thattaan Video Song