വീണ്ടും സംവിധായകനായി ധനുഷ്; മൂന്നാം ചിത്രത്തിന്റെ കണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്ത്..!

December 24, 2023

തെന്നിന്ത്യയില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഏറ്റവും ജനപ്രിയ നടന്മാരില്‍ ഒരാളാണ് ധനുഷ്. നിര്‍മ്മാതാവ് കൂടിയായ ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. താല്‍ക്കാലികമായി DD3 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു കണ്‍സെപ്റ്റ് പോസ്റ്റര്‍ എക്‌സില്‍ പങ്കുവച്ചുകൊണ്ടാണ് ധനുഷ് പുതിയ സംവിധാന ഉദ്യമത്തിന്റെ വിശേഷങ്ങള്‍ പുറത്തുവിട്ടത്. നായകനായി അഭിനയിക്കുന്ന 50-ാം ചിത്രം സംവിധാനം ചെയ്തതിന് പിന്നാലെയാണ് അടുത്ത ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നത്. ( Dhanush announces his third directorial venture )

രാജ് കിരണും രേവതിയും അഭിനയിച്ച് 2017ല്‍ പുറത്തിറങ്ങിയ ‘പാ പാണ്ടി’ എന്ന കോമഡി ചിത്രത്തിലൂടെയാണ് ധനുഷ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ട്. ധനുഷിന്റെ സഹോദരിയുടെ മകന്‍ വരുണ്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന്റെ പേരും അഭിനേതാക്കളും സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ധനുഷിന്റെ തന്നെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നതെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നുണ്ട.

സംവിധായകനായുള്ള തന്റെ രണ്ടാമത്തെ പ്രൊജക്ടിന്റെ ചിത്രീകരണം അടുത്തിടെ ധനുഷ് പൂര്‍ത്തിയാക്കി. ‘ഡി 50’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ധനുഷിന് പുറമെ എസ്.ജെ സൂര്യ, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, നിത്യ മേനന്‍, ദുഷാര വിജയന്‍, അപര്‍ണ ബാലമുരളി എന്നിവരും അഭിനയിക്കുന്നുണ്ട്.

Read Also : മനോഹരമായ 47 ദിവസങ്ങള്‍, 18 വര്‍ഷത്തെ സിനിമ കരിയറില്‍ ഇതാദ്യം; അണിയപ്രവര്‍ത്തകര്‍ക്ക് നന്ദിയറിച്ച് ഹണി റോസ്

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’ ആണ് ധനുഷിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. 2024 ജനുവരിയില്‍ പൊങ്കല്‍ ദിനത്തില്‍ ചിത്രം തിയേറ്ററിലെത്തും. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മിക്കുന്ന ക്യാപ്റ്റന്‍ മില്ലര്‍ സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ചിത്രത്തിലെ നായിക വേഷത്തിലെത്തുന്നത്. ഡോ. ശിവരാജ്കുമാര്‍, സന്ദീപ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Story Highlights : Dhanush announces his third directorial venture