‘മൗലിയിൽ മയിൽപീലി ചാർത്തി..’- മനോഹര നൃത്തവുമായി ലക്ഷ്മി ഗോപാലസ്വാമി

മലയാള സിനിമയിൽ നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ ധാരാളം താരങ്ങളുണ്ട്. അതിലൊരാളാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളിയല്ലെങ്കിലും ലക്ഷ്മി അഭിനയം ആരംഭിച്ചതും സജീവമായതും മലയാളത്തിലാണ്. സിനിമയോടൊപ്പം നൃത്തവേദികളിലും സജീവമായ താരം ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്തവുമായി എത്തിയിരിക്കുകയാണ്.
‘മൗലിയിൽ മയിൽപീലി ചാർത്തി..’ എന്ന ഗാനത്തിന് ഡാൻസ് മാസ്റ്റർ ബിജു ധ്വനിതരംഗിനൊപ്പം ചുവടുവയ്ക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. മനോഹരമായ നൃത്തം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മികച്ച ഭരതനാട്യം നർത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായികയായി അഭിനയിച്ച ലക്ഷ്മി മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരദേശി, കീർത്തിചക്ര തുടങ്ങിയവയാണ് ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ച ചിത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ലക്ഷ്മി ഗോപാലസ്വാമി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നടി.
Read More: ‘ജോസഫി’ന് ശേഷം ത്രില്ലറുമായി എം പത്മകുമാർ; വേഷമിടുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും
വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയിൽ കാളിദാസ് ജയറാമിനൊപ്പം വേഷമിടുകയാണ് ലക്ഷ്മി ഗോപാലസ്വാമി. വർഷങ്ങൾക്ക് ശേഷം കാളിദാസിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത് ശ്രദ്ധേയമായിരുന്നു. ദുൽഖർ സൽമാൻ അഭിനയിച്ച ‘സല്യൂട്ട്’ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി അടുത്തിടെ വേഷമിട്ടിരുന്നു.
Story highlights- lakshmi gopalaswami dancing video