കൊവിഡ് പ്രതിസന്ധി; ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസ് വീണ്ടും നീട്ടി

April 27, 2021

കേരളത്തിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ റിലീസിനെത്തിയ ചിത്രങ്ങളെല്ലാം തിയേറ്ററിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, മെയ് 13ന് നിശ്ചയിച്ചിരുന്ന റിലീസ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ നീട്ടിയിരിക്കുകയാണ്. ഓഗസ്റ്റ് 12ലേക്കാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത്.

മുൻപ്, നിരവധി തവണ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ഒടുവിലാണ് മെയ് 13 നിശ്ചയിച്ചത്. എന്നാൽ, കേരളത്തിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ റിലീസ് മാറ്റാൻ അണിയറപ്രവർത്തകർ നിർബന്ധിതരാകുകയായിരുന്നു.

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Read More: ‘കറുകറെ കാർമുകിൽ..’- ലാസ്യ ചുവടുകളുമായി അനു സിതാര; വിഡിയോ

തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.

മരക്കാറെ കേന്ദ്ര കഥാപത്രമാക്കി മുൻപും സിനിമകൾ വന്നിട്ടുണ്ട്. അതേസമയം ചരിത്രവും ഫിക്ഷനും ചേർത്ത് തയാറാക്കുന്ന  ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കുഞ്ഞാലി നാലാമന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുഞ്ഞാലി നാലാമനായാണ് മോഹൻലാൽ എത്തുന്നത്.

Story highlights- marakkar relese date postponed