ഓട്ടത്തിനൊരുങ്ങി വേട്ടക്കാർ; ‘നായാട്ട്’ നാളെമുതൽ തിയേറ്ററുകളിലേക്ക്

April 7, 2021

മലയാളത്തിൽ സിനിമയുടെ വർണ വസന്തം വിടരുകയാണ്. ലോക്ക് ഡൗൺ പ്രതിസന്ധിക്ക് ശേഷം നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഈ അവധിക്കാലം തിയേറ്ററുകളിൽ സജീവ സാന്നിധ്യമാകുകയാണ് കുഞ്ചാക്കോ ബോബൻ. നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി തിയേറ്ററുകളിലേക്ക് എത്തുന്നത്. നാളെ മുതൽ നായാട്ടും തിയേറ്ററിലേക്ക് എത്തും.

മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് നായാട്ട്. ഒരു പോലീസ് ത്രില്ലർ ചിത്രമാണ് നായാട്ട് എന്ന സൂചനകളാണ് ട്രെയ്‌ലറും ടീസറും നൽകുന്നത്. പ്രവീൺ മൈക്കിൾ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

ജോജു ജോർജ് നായകനായി വേഷമിട്ട് അവാർഡ് നേടിയ ചിത്രമായ ‘ജോസഫി’ന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്വേഷണാത്മക ത്രില്ലറിന്റെ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ചില ലൊക്കേഷനുകൾ പിറവം, മൂന്നാർ, കൊടൈക്കനാൽ എന്നിവയായിരുന്നു.

Read More: ‘കറുത്ത മഷി പുരട്ടിയ നിങ്ങളുടെ ചൂണ്ടുവിരലുകളാണ് ഇനി എനിക്ക് വഴികാട്ടാനുള്ളത്’- ആവേശമായി ‘വൺ’ പ്രൊമോ ടീസർ

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘ചാർലി’ എന്ന ചിത്രത്തിന്റെ സംവിധായകനായ മാർട്ടിൻ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ ആദ്യമായി ത്രില്ലർ വിഭാഗത്തിൽ കയ്യൊപ്പു പതിപ്പിക്കുകയാണ്. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അൻവർ അലി എന്നിവർ നിർവഹിക്കുന്നു. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമ്മാണം. മാജിക്‌ ഫ്രെയിംസ് റിലീസ് ആണ് വിതരണം.

Story highlights- nayyattu movie releasing on april 8